April 16, 2026

സൂര്യശോഭയിൽ തിളങ്ങി ബത്തേരിയിലെ സ്കൂളുകൾ; ഊർജ്ജസ്വയംപര്യാപ്തതയിലേക്ക് കുതിച്ച് നഗരസഭ

0
IMG_20250820_215238
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി: പുനരുപയോഗിക്കാവുന്ന ഊർജ്ജസ്രോതസ്സുകൾ ഉപയോഗിച്ച് ഊർജ്ജസംരക്ഷണത്തിന് പുതിയ മാതൃക തീർത്ത് സുൽത്താൻ ബത്തേരി നഗരസഭ. നഗരസഭയ്ക്ക് കീഴിലുള്ള എല്ലാ സ്കൂളുകളും സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ആദ്യഘട്ടമായി മൂന്ന് സ്കൂളുകൾ ഇപ്പോൾ പൂർണ്ണമായും സൗരോർജ്ജത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.

 

കഴിഞ്ഞ ദിവസമാണ് ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സോളാർ പവർ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. ബീനാച്ചി സ്കൂളിലും ഇതേസമയം തന്നെ സോളാർ പ്ലാന്റ് പ്രവർത്തനമാരംഭിച്ചു. നേരത്തെ കുപ്പാടി സ്കൂളിലും സോളാർ പ്ലാന്റ് സ്ഥാപിച്ചിരുന്നു. 15 കിലോവാട്ട് ശേഷിയുള്ള ഓൺ-ഗ്രിഡ് പ്ലാന്റുകളാണ് ഈ സ്കൂളുകളിൽ സ്ഥാപിച്ചിരിക്കുന്നത്. 21,63,999 രൂപയാണ് സർവജന, ബീനാച്ചി സ്കൂളുകളിലെ പ്ലാന്റുകൾക്കായി ചെലവഴിച്ചത്. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കെൽട്രോൺ ആണ് പ്ലാന്റുകൾ സ്ഥാപിച്ചത്.

 

ഈ സ്കൂളുകളിലെ ക്ലാസ് മുറികളും ലാബുകളും ഓഫീസുകളും ഉൾപ്പെടെയുള്ള വൈദ്യുതോപയോഗം ഇപ്പോൾ പൂർണ്ണമായും സൗരോർജ്ജത്തെ ആശ്രയിച്ചാണ്. പദ്ധതി നടപ്പാക്കിയ ശേഷം ഈ സ്കൂളുകളിലെ വൈദ്യുതി ബില്ലിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ 9000 രൂപയോളം വന്നിരുന്ന ബിൽ ഇപ്പോൾ 500 രൂപയിൽ താഴെയായി.

 

നഗരസഭ പരിധിയിലുള്ള എല്ലാ സർക്കാർ സ്കൂളുകളിലും സോളാർ വൈദ്യുതി എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്ത ഘട്ടത്തിൽ ഓടപ്പളം, പേനാട് സ്കൂളുകളിൽ പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനുശേഷം പൂമല, കൈപ്പഞ്ചേരി, പഴുപ്പത്തൂർ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഓരോ വർഷവും സ്കൂളുകളിലെ വൈദ്യുതി ചെലവിനത്തിൽ നഗരസഭയ്ക്ക് ഏകദേശം അഞ്ച് ലക്ഷം രൂപയാണ് ചെലവഴിക്കേണ്ടി വരുന്നത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ ഈ ചെലവിൽ വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *