പാതിരി വനത്തിൽ പുള്ളിമാനെ വേട്ടയാടി; രണ്ട് പേർ പിടിയിൽ
പുൽപള്ളി :പാതിരി റിസർവ് വനത്തിൽ അതിക്രമിച്ചു കയറി പുള്ളിമാനിനെ വേട്ടയാടിയ രണ്ട് പേർ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്റെ പിടിയിലായി. പാതിരി ഉന്നതിയിലെ സതീഷ് (40), രാജൻ (44) എന്നിവരെയാണ് പുള്ളിമാനിന്റെ ഇറച്ചിയുമായി വനപാലകർ പിടികൂടിയത്.
മാനിനെ കുരുക്കിട്ട് പിടികൂടാൻ ഉപയോഗിച്ച കേബിൾ, മാനിന്റെ ജഡാവശിഷ്ടങ്ങൾ, മറ്റ് വേട്ടയാടൽ ഉപകരണങ്ങൾ എന്നിവ പ്രതികൾ വനത്തിൽ നിന്ന് വനപാലകർക്ക് എടുത്ത് നൽകി.
പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരായ അഖിൽ സൂര്യദാസ് എ.എസ്, അഭിലാഷ് സി.എസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ സ്ഥിരമായി കാട്ടിറച്ചി വിൽക്കാൻ നൽകിയിരുന്ന പട്ടാണിക്കുപ്പ് ഭാഗത്തുള്ള ഒരു പ്രതിയെക്കൂടി പിടികൂടാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ചേതലത്ത് റേഞ്ച് ഓഫീസർ എം.കെ. രാജീവ് കുമാർ അറിയിച്ചു.
മോഹൻ കുമാർ, ഒ. രാജു, പി.എസ്. ശ്രീജിത്ത്, ജോജിഷ്, അശ്വിൻ, വിപിൻ എന്നിവരും വനപാലക സംഘത്തിൽ ഉണ്ടായിരുന്നു.





Leave a Reply