വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ കാലിക്കറ്റ് സർവകലാശാലയുടെ പുതിയ ഗവേഷണ പദ്ധതി
തേഞ്ഞിപ്പാലം :ദക്ഷിണേന്ത്യയിലെ വിദ്യാർത്ഥികളിൽ കായികക്ഷമത വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ട് കാലിക്കറ്റ് സർവകലാശാലയുടെ നേതൃത്വത്തിൽ ഒരു പുതിയ ഗവേഷണ പദ്ധതി ആരംഭിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ICSSR) ധനസഹായം നൽകുന്ന ഈ പദ്ധതിക്ക് ICSSR- സ്പോർട്സ് ലിറ്ററസി പ്രോജക്റ്റ് (കായിക സാക്ഷരതാ പദ്ധതി) എന്നാണ് പേരിട്ടിരിക്കുന്നത്.
കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നീ നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഡോ. സക്കീർ ഹുസൈനാണ് പദ്ധതിയുടെ ഡയറക്ടർ. അദ്ദേഹം കാലിക്കറ്റ് സർവകലാശാലയിലെ കായിക വിഭാഗം മേധാവി കൂടിയാണ്.
ഈ പദ്ധതിയുടെ ഭാഗമായി തമിഴ്നാട്ടിലെ നീലഗിരിയിൽ ഫീൽഡ് ഇൻവെസ്റ്റിഗേറ്ററായും പ്രോജക്റ്റ് കോർഡിനേറ്ററായും നിയമിതനായിരിക്കുന്നത് ഡോ. സറിൽ വർഗീസാണ്. നീലഗിരി കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷന്റെ മേധാവിയാണ് അദ്ദേഹം.
നീലഗിരിയിലെ 10 സർക്കാർ, സ്വകാര്യ സ്കൂളുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. നാല് വർഷം നീണ്ടു നിൽക്കുന്ന ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ മോട്ടോർ സ്കിൽ വികസനം സാധ്യമാക്കുന്നതിനും അവരുടെ കായികക്ഷമത മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. ഇതിലൂടെ കഴിവുറ്റ യുവ കായിക പ്രതിഭകളെ കണ്ടെത്താനും അവർക്ക് അവസരങ്ങൾ നൽകാനും സാധിക്കുമെന്ന് ഡോ. സക്കീർ ഹുസൈൻ പറഞ്ഞു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കായികക്ഷമതയെക്കുറിച്ചുള്ള ഗവേഷണം പൂർത്തിയാക്കിയ ഡോ. സറിൽ വർഗീസ്, തമിഴ്നാട് സ്പോർട്സ് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി ചേർന്നാണ് പഠനം നടത്തിയത്. NGGSH- സപ്പോർട്ട് ആൻഡ് ഹെൽത്ത് കൺസൾട്ടേഷൻ കമ്പനിയുടെ ഡയറക്ടർ കൂടിയായ അദ്ദേഹം, ഫുട്ബോൾ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സി.എഫ്.എ ഇറ്റാലിയൻ ക്ലബ് ദുബായ്, ലക്ഷദ്വീപ് ഫുട്ബോൾ ക്ലബ് എന്നിവയുടെ കൺസൾട്ടന്റായും പ്രവർത്തിക്കുന്നുണ്ട്.
വിദ്യാർത്ഥികൾക്കായി നീലഗിരി കോളേജ് സ്പോർട്സ് അക്കാദമിയുടെ കീഴിൽ ഫുട്ബോൾ പരിശീലനവും ആരംഭിച്ചിട്ടുണ്ട്.





Leave a Reply