പാർക്കിങ് പ്രശ്നം: മാനന്തവാടിയിൽ പൊലീസിനെതിരെ വ്യാപക പ്രതിഷേധം
മാനന്തവാടി ∙ നഗരത്തിലെത്തുന്ന വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നവർക്ക് പിഴ ചുമത്തുന്ന ട്രാഫിക് പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. സമൂഹ മാധ്യമങ്ങളിലാണ് പ്രതിഷേധം ആദ്യം ഉയർന്നത്. പൊതുവേ പാർക്കിങ് സൗകര്യം ഇല്ലാത്ത മാനന്തവാടി നഗരത്തിൽ റോഡരികിലാണ് പലപ്പോഴും വാഹനങ്ങൾ നിർത്തിയിടുന്നത്. ഇത്തരം വാഹനങ്ങൾക്ക് ട്രാഫിക് പൊലീസ് പിഴ ചുമത്തി തുടങ്ങിയതോടെയാണ് വിമർശനങ്ങളും ശക്തമായത്. പിഴ ചുമത്തുന്ന പൊലീസ് നടപടിയെ ന്യായീകരിച്ച് ട്രാഫിക് എസ്ഐ രംഗത്തുവന്നതോടെ ചർച്ചയ്ക്ക് കൊഴുപ്പായി.
അതിനിടയിൽ ഡിവൈഎഫ്ഐ– സിപിഎം പ്രവർത്തകർ ഗാന്ധിപാർക്കിൽ ട്രാഫിക് എസ്ഐയുടെ വാഹനത്തിനരികിൽ എത്തി പ്രതിഷേധം അറിയിച്ചതു ചെറിയ തോതിലുള്ള വാക്കേറ്റത്തിന് ഇടയാക്കി. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിന് ശേഷം സ്ഥലത്ത് എത്തിയ 2 പ്രൊബേഷൻ എസ്ഐമാർ അടങ്ങുന്ന പൊലീസ് സംഘവും നഗരസഭാ സ്ഥിര സമിതി അധ്യക്ഷൻ വിപിൻ വേണുഗോപാലുമായും വാക്കുതർക്കം ഉണ്ടായി. ജോലി തടസ്സപ്പെടുത്തിയതിന് വിപിൻ വേണുഗോപാലിന് എതിരെ പൊലീസ് എടുത്തു. ട്രാഫിക് എസ്ഐയും പ്രവർത്തകരും തമ്മിൽ ഉണ്ടായ തർക്കം തീർക്കാൻ ഇടപെട്ട തനിക്കെതിരെ അകാരണമായി കേസെടുത്തെന്ന് കാണിച്ച് സ്ഥിരസമിതി അധ്യക്ഷൻ വിപിൻ വേണുഗോപാൽ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറുകയും പൊതുജന മധ്യത്തിൽ വച്ച് അപമാനിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. മാനന്തവാടി പൊലീസിനെതിരെ ഗുരുതരമായ മറ്റൊരു ആരോപണവും വിപിൻ പരാതിയിൽ ഉന്നയിച്ചു– കഴിഞ്ഞ ആഴ്ച താന്നിക്കൽ -പാടുകാണ-പ്രതീക്ഷാനഗർ റോഡിൽ രാത്രി 8ന് മാനന്തവാടി പൊലീസ് സ്റ്റേഷനിലെ ബൊലേറോ വാഹനം തന്റെ നേരെ ഇടിക്കാനായി വരികയും ബൈക്ക് വെട്ടിച്ചപ്പോൾ മറിഞ്ഞ് വീഴുകയും ചെയ്തിരുന്നു. വാഹനം ഓടിച്ചത് മാനന്തവാടി സ്റ്റേഷനിൽ പ്രൊബേഷൻ എസ്ഐ ആയിട്ടുള്ള വനിത ഉദ്യോഗസ്ഥയായിരുന്നു.
മുൻവശത്തെ സൈഡ് സീറ്റിൽ മറ്റൊരു ഉദ്യോഗസ്ഥനും പുറകിൽ ഉണ്ടായിരുന്നത് ഗാന്ധി പാർക്കിലെ വിഷയത്തിൽ ഇടപെടുകയും ചെയ്ത 2 പൊലീസ് ഉദ്യോഗസ്ഥരുമായിരുന്നു എന്നും ‘പൊലീസ് ജീപ്പിൽ രാത്രിക്ക് ഡ്രൈവിങ് പഠിപ്പിക്കലാണല്ലേ’ എന്ന് ചോദിച്ച തന്നെ അന്നും അസഭ്യം പറയുകയും വണ്ടിയെടുത്ത് വീട്ടിൽ പോയില്ലെങ്കിൽ വണ്ടികയറ്റി കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും പരാതിയിലുണ്ട്.
ഇൗ വിവരം പിറ്റേദിവസം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോൾ 3 പേരും പ്രൊബേഷനിലാണെന്നും ജോലിയെ ബാധിക്കുമെന്നും അഭ്യർഥിച്ചതിനാലാണ് അന്ന് പരാതിപ്പെടാതെ പിൻമാറിയതെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ പൊലീസും ഭരണ കക്ഷിയും തമ്മിലുള്ള പോര് നേതൃത്വത്തിനു തലവേദനയുണ്ടാക്കുന്നുണ്ട്. മുതിർന്ന നേതാക്കളും ഉന്നത പൊലീസ് അധികാരികളും ഇടപെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു. സംഭവത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്.





Leave a Reply