May 3, 2026

മണ്ണുമാന്തിക്കാരുടെ തമ്മിലടി തെരുവിലേക്ക്; തട്ടിക്കൊണ്ടുപോകലും മർദനവും

0
IMG_20251112_195640
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി :അന്യസംസ്ഥാന റജിസ്ട്രേഷനുള്ള മണ്ണുമാന്തിയന്ത്രങ്ങളുടെ ഉടമകളും ഇവിടുത്തെ യന്ത്രങ്ങളുടെ ഉടമകളും തമ്മിലുള്ള തർക്കം തെരുവിലേക്ക്. കഴിഞ്ഞ ദിവസങ്ങളിൽ ഇരുപക്ഷവും ചേരിതിരിഞ്ഞ് പോരിനിറങ്ങി. കുറച്ച് വർഷമായി ഇവിടെ ജെസിബി സർവീസ് നടത്തുന്ന ചാമരാജ് നഗർ സ്വദേശി എം.രാമറി(45)നെ കഴിഞ്ഞദിവസം ഇവിടുത്തെ ജെസിബിഉടമകൾ ചേർന്നു തട്ടിക്കൊണ്ടുപോയി അതിർത്തി കടത്തിവിട്ടതോടെയാണ് പ്രശ്നം രൂക്ഷമായത്. 8ന് രാത്രി ജോലിസ്ഥലത്തുനിന്നു തന്നെ ചിലർ ബലമായി തട്ടിക്കൊണ്ടുപോയി മൂലങ്കാവിൽ ഒരു മുറിയിൽ തടവിലാക്കിയെന്നും പിറ്റേന്നു രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റിനടുത്ത് ഇറക്കിവിട്ടെന്നുമാണ് രാമറിന്റെ പരാതി.

 

അന്യസംസ്ഥാന റജിസ്ട്രേഷനുള്ള പത്തോളം യന്ത്രങ്ങൾ വർഷങ്ങളായി ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർഉത്തരവു പ്രകാരമുള്ള റജിസ്ട്രേഷൻ നടത്തിയാണ് ജോലി ചെയ്യുന്നതെന്നും എസ്കവേറ്റർ വർക്കേഴ്സ് ഫെഡറേഷൻ മേഖലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. പൊലീസിനെയും ആർടിഒയെയും നോക്കുകുത്തിയാക്കി ചിലർ നിയമം കയ്യിലെടുത്ത് അക്രമം നടത്തുകയാണെന്നും ശക്തമായ നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടു. അന്യസംസ്ഥാന ജോലിക്കാർക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും ജോലിചെയ്യാൻ സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു. ബാബു രാജേഷ് അധ്യക്ഷതവഹിച്ചു. ടി.പി.ശ്രീനിവാസൻ, എ.എസ്.സുനിൽകുമാർ, ആൻസൻ ചാക്കോ, സിബി വെച്ചുവെട്ടിക്കൽ, സണ്ണി മണ്ഡപത്തിൽ, ടി.എസ്.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

എന്നാൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തി ഇവിടെ നിയമവിരുദ്ധമായി സർവീസ് നടത്തുന്ന യന്ത്രങ്ങൾ പിടിച്ചെടുക്കണമെന്ന ആവശ്യവുമായി ഇവിടുത്തെ യന്ത്ര ഉടമകളും രംഗത്തിറങ്ങി. ഇതിനെതിരെ പ്രതികരിച്ച ജെസിബി ഉടമ അരുൺ ജോസിനെ ജാക്കി ലിവർ കൊണ്ട് അടിച്ചു പരുക്കേൽപിച്ചെന്നും അവർ ചൂണ്ടിക്കാട്ടി. വ്യക്തമായ രേഖകളില്ലാതെ കൂടുതൽ അയൽസംസ്ഥാനങ്ങളിൽ നിന്നു വാഹനങ്ങളെത്തിച്ച് ഇവിടുത്തെ തൊഴിലവസരം നഷ്ടപ്പെടുത്തുന്ന നിലപാട് അംഗീകരിക്കാനാവില്ല. വലിയ വായ്പയും നികുതിയുമടച്ച് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ജോലി കുറയുന്ന സാഹചര്യത്തിലാണ് തങ്ങൾ പ്രതിഷേധിച്ചതെന്നും കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

 

അന്യസംസ്ഥന യന്ത്ര ഉടമകളുടെ ഗുണ്ടായിസവും കടന്നുകയറ്റവും ഇല്ലാതാക്കാൻ നിയമനടപടിവേണമെന്നും ഭീമമായ നികുതിവെട്ടിപ്പ് നടത്തി സർക്കാരിനെ കബളിപ്പിക്കുകയാണെന്നും ആരോപിച്ചു.കാർഷികാവശ്യത്തിന് സബ്സിഡിയോടെ ലഭിക്കുന്ന വാഹനങ്ങൾ ഇവിടെ കൊണ്ടുവന്ന് നിരക്ക് കുറച്ച് ഉപയോഗിക്കുന്നു. രാമർ എന്ന തൊഴിലാളിയെ തങ്ങൾ മർദ്ദിച്ചില്ലെന്നും ഇവിടുത്തെ ജോലി അവസാനിപ്പിച്ച് മടങ്ങണമെന്നുമാണ് സംഘടന ആവശ്യപ്പെട്ടത്. അതിന്റെ പേരിൽ എടുത്ത കള്ളക്കേസും പിൻവലിക്കണം. അന്യസംസ്ഥാനങ്ങളിൽനിന്നു ജെസിബി കൊണ്ടുവരുന്നവരും ഇവിടുത്തെ ഏജന്റുമാരും ചേർന്നാണ് ഈ രംഗത്ത് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പൊലീസും ആർടിഎയും തയാറാവണമെന്നും ആവശ്യപ്പെട്ടു. സംഘടനയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവുംനടത്തി. ആഷിഷ് ഫിലിപ്പ് അധ്യക്ഷ തവഹിച്ചു.റിജോ ഡേവിഡ്, രാജൻ അടിച്ചാനാൽ, എൽ‌ദോസ് ബാബു, അരുൺജോസ്, ജോഷിജോസ്, എൽജോസ് മത്തായി എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *