മദ്യനയത്തിൽ എൽ.ഡി.എഫ് വഞ്ചന: വയനാട് മദ്യനിരോധന സമിതിയുടെ പ്രതിഷേധം
കൽപ്പറ്റ :സംസ്ഥാനത്ത് മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും ക്രമാതീതമായി വർദ്ധിപ്പിച്ച് കുടുംബങ്ങളെ തകർക്കുന്ന എൽ.ഡി.എഫ്. സർക്കാരിന്റെ മദ്യനയം കൊടുംവഞ്ചനയാണെന്ന് കേരള മദ്യനിരോധന സമിതി വയനാട് ജില്ലാ ഘടകം ആരോപിച്ചു. ‘മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കുന്ന നയം തുടരും’ എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചുകൊണ്ട്, സർക്കാർ ഒമ്പതര വർഷത്തിനിടെ ബാറുകളുടെ എണ്ണം 33 ഇരട്ടിയാക്കി (29ൽ നിന്ന് 945ലേയ്ക്ക്) വർദ്ധിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മദ്യനിയന്ത്രണാധികാരം റദ്ദാക്കിയും, വിദ്യാലയങ്ങളിൽ നിന്നും ദേവാലയങ്ങളിൽ നിന്നും മദ്യശാലകൾ പാലിക്കേണ്ട ദൂരപരിധി ലഘൂകരിച്ചും സർക്കാർ മദ്യവ്യാപനത്തിന് കൂട്ടുനിൽക്കുകയാണ്. മദ്യം തന്നെയാണ് സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾക്കും കുടുംബത്തകർച്ചകൾക്കും പ്രധാന കാരണം എന്നിരിക്കെ, മദ്യോപയോഗം ഗൗരവമുള്ള വിഷയമേ അല്ലെന്ന് വരുത്തിത്തീർത്ത് മദ്യലോബിയെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സമിതി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ, നാടെങ്ങും മദ്യമൊഴുക്കി കുടുംബം തകർത്ത എൽ.ഡി.എഫിന് വോട്ടില്ല എന്ന മുദ്രാവാക്യമുയർത്തി തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുകയാണെന്നും സമിതി നേതാക്കളായ ഇയ്യചേരി കുഞ്ഞികൃഷ്ണൻ, സി. കെ ദിവാകരൻ, വി.ജി ശശി, പി വി ജോസ്, എ, വി ബേബി, ബാബു വടുവൻചാൽ പത്രസമ്മേളനത്തിൽ അറിയിച്ചു.





Leave a Reply