July 22, 2026

സര്‍ക്കാരുകളുടെ വ്യാപാര നയത്തില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യം 

0
img_20251204_143323
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെറുകിട ഇടത്തരം വ്യാപാര മേഖലയില്‍ കൊണ്ടുവന്നിട്ടുള്ള പുതിയ നിയമങ്ങളും,ഭേദഗതികളും വ്യാപാര മേഖല തീര്‍ത്തും ഇല്ലാതാക്കുന്ന അവസ്ഥയുള്ളതിനാല്‍ സര്‍ക്കാരുകളുടെ വ്യാപാര നയത്തില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ബാബു കോട്ടയില്‍ പറഞ്ഞു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളിയില്‍ വച്ച് നടത്തിയ വിശേഷാല്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരമ്പരാഗത വ്യാപാര മേഖലയില്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ലാതെ സ്വയം തൊഴില്‍ കണ്ടെത്തുന്നതോടൊപ്പം,യാതൊരു പ്രതിഫലവും ഇല്ലാതെ കോടിക്കണക്കിന് രൂപ ഖജനാവിലേക്ക് നികുതി പിരിച്ചു നല്‍കുന്നതുമായ ചെറുകിടഇടത്തരം വ്യാപാരികളെ തീര്‍ത്തും അവഗണിച്ചുകൊണ്ട്, കോര്‍പ്പറേറ്റുകളെയും ഓണ്‍ലൈന്‍ കുത്തകളെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളില്‍ അടിയന്തരമായി മാറ്റം വരുത്താത്ത പക്ഷം ഈ മേഖലയില്‍ വലിയ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചുകൊണ്ട് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളേയും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ കൊണ്ടുവരുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി. ജോയി നിര്‍വഹിച്ചു. തീപിടുത്തം,മറ്റു പ്രകൃതി ദുരന്തങ്ങള്‍,മോഷണം മുതലായവ മൂലം വ്യാപാരസ്ഥാപനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ സ്ഥാപനത്തിന് പൂര്‍ണ്ണമായി സ്ഥാപന പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതി ആണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

 

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ഉസ്മാന്‍,കെ. എസ്.അജിമോന്‍,പി.എ. ഷാജിമോന്‍,നൗഷാദ് കരിമ്പനക്കല്‍,കെ.എസ്. സ്‌കറിയ,അക്ബര്‍ എയിംസ്,ഷിബിന്‍.വി. കെ,ജോസ് കുന്നത്ത്,ലിയോ ജോണി എന്നിവര്‍ പ്രസംഗിച്ചു.

 

ബാബു രാജേഷ്, പി.എം.പൈലി,കെ.ജോസഫ്, പ്രസന്നകുമാര്‍,വേണുഗോപാല്‍, എം.വി.ബാബു, ഹംസ ഫ്രണ്ട്‌സ്,ജോബിഷ് യോഹന്‍, പ്രഭാകരന്‍, കെ.വി.റഫീഖ്,സജി വര്‍ഗീസ്, സുജിത്ത്,നിഥിന്‍ പെര്‍ഫെക്ട്,ഗിരീഷ്,സലീല്‍ പൗലോസ്,ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *