എഡിറ്റ് ചെയ്ത് വികലമാക്കിയെന്ന് ആക്ഷേപം; പ്രസാധകനു നോവലിസ്റ്റ് വക്കീല്‍ നോട്ടീസ് അയച്ചു
കല്‍പ്പറ്റ: നോവല്‍ പ്രസാധക സ്ഥാപനം എഡിറ്റ് ചെയ്ത് വികലമാക്കിയെന്ന് രചയിതാവ്. നിര്‍മിത മനുഷ്യന്‍ 7.0 എന്ന നോവല്‍ എഴുതിയ ജോസ് പാഴൂക്കാരനാണ് തൃശൂര്‍ എച്ച് ആന്‍ഡ് സി ബുക്‌സിനെതിരേ ആക്ഷേപം ഉന്നയിച്ചത്. പ്രസാധനത്തിനു അയച്ചുകൊടുത്ത ഡമ്മി പുസ്തകത്തിലെ പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കിയും പുതിയ കഥാപാത്ര സൃഷ്ടി നടത്തിയുമാണ് നോവല്‍ പ്രസിദ്ധപ്പെടുത്തിയതെന്ന് ഗ്രന്ഥകര്‍ത്താവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പ്രസിദ്ധീകരിച്ച നോവലിലെ 186, 187,188 പേജുകളിലുള്ളത് താന്‍ എഴുതിയതല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഡമ്മി പുസ്തകം അതേപോലെ പ്രസിദ്ധീകരിക്കുകയോ പ്രസാധനക്കരാര്‍ റദ്ദാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകന്‍ കെ.സി. റജീബ് മുഖേന പ്രസാധക സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ടി.എ. വര്‍ഗീസിനു വക്കീല്‍ നോട്ടീസ് അയച്ചതായി അറിയിച്ചു.
സസ്‌പെന്‍സ് ത്രില്ലറാണ് നിര്‍മിത മനുഷ്യന്‍ 7.0. ന്യൂയോര്‍ക്കിലെ സ്ത്രീകള്‍ പുരുഷ ബന്ധമില്ലാതെ ഗര്‍ഭം ധരിക്കുന്നതും ഇതു സംബന്ധിച്ച് ഫെഡറല്‍ പോലീസ് നടത്തുന്ന അന്വേഷണവുമാണ് നോവലിന്റെ പ്രമേയം. കഴിഞ്ഞ ഏപ്രില്‍ ആദ്യവാരം പ്രസാധക സ്ഥാപനത്തിന്റെ എഡിറ്ററുമായി ബന്ധപ്പെട്ട് നോവലിനെക്കുറിച്ച് സംസാരിച്ചു. വൈകാതെ പുസ്തകത്തിന്റെ ഡമ്മി തപാല്‍ ചെയ്തു. പ്രസിദ്ധീകരിക്കാമെന്ന ഉറപ്പില്‍ ഡിടിപി സ്‌ക്രിപ്റ്റ് സ്ഥാപനത്തിനു മെയില്‍ ചെയ്തു. ഇതു വായിച്ച് എഡിറ്റര്‍ നിര്‍ദേശിച്ച തിരുത്തലുകള്‍ വരുത്തി സ്‌ക്രിപ്റ്റ് വീണ്ടും അയച്ചു. പുസ്തക പ്രസാധനത്തിന് മെയ് 27ന് കരാര്‍ വച്ചു. പുസ്തകം 15 ദിവസത്തിനകം ഇറങ്ങുമെന്നും സയന്‍സ് ഫിക്ഷന്‍ ആയതിനാല്‍ താമസിപ്പിക്കില്ലെന്നും പ്രസാധക സ്ഥാപന മേധാവി അറിയിച്ചു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പുസ്തകം ഇറങ്ങിയില്ല. ഇതേത്തുടര്‍ന്ന് പ്രസാധകനെ കണ്ട് പുസ്തകം പിന്‍വലിക്കുകയാണെന്നും കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. കരാര്‍ റദ്ദാക്കുന്നതിനോട് വിയോജിച്ച സ്ഥാപന ഉടമ 15 ദിവസത്തിനകം പുസ്തകം ഇറങ്ങുമെന്നു ഉറപ്പുനല്‍കി. ഒക്ടോബറില്‍ പ്രസിദ്ധപ്പെടുത്തിയ നോവലിന്റെ പ്രതി ലഭിച്ചപ്പോഴാണ് വികലമായ എഡിറ്റിംഗും കൂട്ടിച്ചേര്‍ക്കലും കഥാപാത്ര സൃഷ്ടിയും ശ്രദ്ധയില്‍പ്പെട്ടത്. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റേതടക്കം പുരസ്‌കാരങ്ങള്‍ ലഭിച്ച എഴുത്തുകാരനാണ് താന്‍. പതിനാലാമത്തെ പുസ്തകമാണ് നിര്‍മിത മനുഷ്യന്‍ 7.0. ഇത് ഇതിനകം വായിച്ചവര്‍ക്ക്് തന്നോട് അവമതിപ്പ് തോന്നാനിടയുണ്ട്. ഇതു മനസിലാക്കി നോവലിന്റെ കൂടുതല്‍ കോപ്പികള്‍ പ്രസിദ്ധീകരിക്കരുതെന്നും കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തന്നെയുമല്ല, പുസ്തകത്തിന്റെ കോപ്പികളുടെ വില്‍പ്പന സ്ഥാപനം തുടരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വക്കീല്‍ നോട്ടീസ് അയക്കാന്‍ നിര്‍ബന്ധിതനായതെന്നു ജോസ് പാഴൂക്കാരന്‍ പറഞ്ഞു. നോവല്‍ ആസ്വാദകരായ ബിജു ജോണ്‍, സി.സി. റോയി എന്നിവരും പങ്കെടുത്തു. ഡമ്മി പുസ്തകത്തിന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാണ് നോവല്‍ പ്രസിദ്ധീകരിച്ചതെന്നും ഒരു പ്രധാധന സ്ഥാപനവും ഇത് ചെയ്യാന്‍ പാടില്ലാത്തതാണെന്നും അവര്‍ പറഞ്ഞു.





Leave a Reply