വയനാടൻ ചുരത്തിൽ അഴിയാകുരുക്ക്
വയനാട് :താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന ഗതാഗത കുരുക്ക് ഇന്നും രൂക്ഷമാണ് സ്കൂൾ അവധി അവസാന ദിവസങ്ങളിലേക്കെത്തുന്നതിനിടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെയാണ് ചുരത്തിലൂടെയുള്ള വാഹനഗതാഗതം നിയന്ത്രണം വിട്ടത്.ഇതിനിടയി ൽ ചരക്ക് വാഹനങ്ങളും ബ്ലോക്കിന് കാരണമാകുന്നു.
ഗതാഗത കുരുക്ക് മൂലം അടിയന്തര സേവനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്. ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര വാഹനങ്ങൾ മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങുന്ന സാഹചര്യം ഉണ്ടാകുന്നുവെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. രോഗികളുമായി യാത്ര ചെയ്യുന്നവർക്കും അത്യാവശ്യ ചികിത്സ തേടുന്നവർക്കും ഇത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
അതേസമയം, നീണ്ടുനിൽക്കുന്ന ഗതാഗത തടസത്തെ തുടർന്ന് കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഇല്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നു. മണിക്കൂറുകളോളം വാഹനങ്ങളിൽ കുടുങ്ങിയിരിക്കുന്ന കുട്ടികളും വയോധികരുമായ യാത്രക്കാർക്ക് കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണ് പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
നിലവിൽ ദേശീയപാത 766-ൽ കൈതപ്പോയിൽ, ഈങ്ങാപ്പുഴ, അടിവാരം മുതൽ എട്ടാം വളവ് വരെ ചുരം കയറാനുള്ള വാഹനനിര കിലോമീറ്ററുകളോളം നീണ്ടുകിടക്കുകയാണ്.
ഇന്നും നാളെയും ചുരത്തിലൂടെ ഉള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഹോസ്പിറ്റൽ, റെയിൽവേ, എയർപോർട്ട് തുടങ്ങിയ അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ചും മറ്റ് വഴികൾ തെരഞ്ഞെടുത്തും യാത്ര ചെയ്യണമെന്ന് നിർദേശം നൽകി.
ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ചുരത്തിലൂടെ വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് (MVD) കർശന നടപടി സ്വീകരിക്കുന്നുണ്ട്. ഗതാഗത കുരുക്കിനിടെ മാന്യമായ ഡ്രൈവിങ് പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.





Leave a Reply