പദ്മപ്രഭ പൊതുഗ്രന്ഥാലയത്തിലെ പ്രതിമാസ പുസ്തക ചര്‍ച്ച ശ്രദ്ധയാകര്‍ഷിക്കുന്നു
കല്‍പ്പറ്റ: കൈനാട്ടി പദ്മപ്രഭ പൊതുഗ്രന്ഥാലയത്തിലെ പ്രതിമാസ പുസ്തക ചര്‍ച്ച വയനാടിനകത്തും പുറത്തും വായനാലോകത്ത് ശ്രദ്ധയാകര്‍ഷിക്കുന്നു. ഇതിനകം 202 പ്രതിമാസ പുസ്തക ചര്‍ച്ചയാണ് പദ്മപ്രഭയില്‍ നടന്നത്. ഇത് അത്യപൂര്‍വമാണെന്ന് സാഹിത്യരംഗത്തുള്ളവരും ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളും പറയുന്നു. 100ല്‍ അധികം പുസ്തക ചര്‍ച്ച ഗ്രന്ഥകാരന്‍മാരുടെ സാന്നിധ്യത്തിലാണ് നടന്നതെന്ന സവിശേഷതയുമുണ്ട്. വിശ്വസാഹിത്യത്തിലേതടക്കം പ്രസിദ്ധമായ പുസ്തകങ്ങളാണ് പദ്മപ്രഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നത്. എല്ലാമാസവും രണ്ടാം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് ചര്‍ച്ച. ജില്ലയില്‍ എഴുത്തിന്റെയും വായനയുടെയും ലോകത്ത് വ്യാപരിക്കുന്നവരടക്കം നൂറില്‍ കുറയാതെ ആളുകള്‍ ഓരോ ചര്‍ച്ചയിലും പങ്കെടുക്കുന്നുണ്ട്.
2007ല്‍ പ്രവര്‍ത്തനം തുടങ്ങിയതാണ് പദ്മപ്രഭ പൊതുഗ്രന്ഥാലയം. വിരമിച്ച മാധ്യമ പ്രവര്‍ത്തകര്‍ ടി.വി. രവീന്ദ്രനാണ് ആരംഭകാലം മുതല്‍ പ്രസിഡന്റ്. അദ്ദേഹം മുന്‍കൈയെടുത്ത് തുടങ്ങിയാണ് പുസ്തക ചര്‍ച്ച. സാഹിത്യാഭിരുചിയുള്ള കുറച്ചാളുകള്‍ മാത്രമാണ് തുടക്കത്തില്‍ ചര്‍ച്ചയ്ക്ക് എത്തിയിരുന്നത്. പിന്നീട് ചിത്രം മാറുകയായിരുന്നു.
എം.പി. വീരേന്ദ്രകുമാര്‍ എഴുതിയ ‘ഹൈമവതഭൂവില്‍’ ആണ് പദ്മപ്രഭയില്‍ ആദ്യം ചര്‍ച്ച ചെയ്ത പുസ്തകം. നോവലിസ്റ്റ് പി. വത്സലയാണ് ഈ യാത്രാവിവരണരചന അവതരിപ്പിച്ചത്. 2008 ജൂണ്‍ 26നായിരുന്നു ഇത്. ഗ്രന്ഥകാരനും അവതാരികയും ഇപ്പോള്‍ ഓര്‍മയാണ്. സി.വി. ജോയിയുടെ നോവല്‍ ‘പക്ഷിക്കൂടുകളുടെ മ്യൂസിയം’ ആണ് ഒടുവില്‍ ചര്‍ച്ചയ്‌ക്കെടുത്തത്. സാഹിത്യപ്രവര്‍ത്തകനും ബത്തേരി മോഡേണ്‍ ബുക്‌സ് മേധാവിയുമായ പി.യു. ജോയിയായിരുന്നു പുസ്തകാവതാരകന്‍.
സമ്പന്നമാണ് പദ്മപ്രഭയിലെ ഗ്രന്ഥപ്പുര. റഫറന്‍സിനു ഉതകുന്നതടക്കം 18,000 ഓളംപുസ്തകങ്ങളാണ് ലൈബ്രറിയില്‍. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഗ്രന്ഥാലയത്തിലെത്തി പുസ്തകങ്ങള്‍ വായനയ്ക്കു എടുക്കുന്നവരാണ് പദ്മപ്രഭയിലെ അംഗങ്ങളെല്ലാംതന്നെ. പുസ്തകങ്ങളുമായുള്ള സല്ലാപം ശീലമാക്കിയ അംഗങ്ങളാണ് ലൈബ്രറിയുടെ തൂണുകളെന്നു ഗ്രന്ഥശാല പ്രസിഡന്റ് പറയുന്നു. സ്വന്തം കെട്ടിടവും ഓഡിറ്റോറിയവും പദ്മപ്രഭയ്ക്കുണ്ട്. എം.പി. വീരേന്ദ്രകുമാറിന്റെ പേരിലുള്ള ഓഡിറ്റോറിയാണ് മിക്കപ്പോഴും പുസ്തക ചര്‍ച്ചയ്ക്കു വേദിയാകുന്നത്.
ലൈബ്രറിയുടെ മറ്റു പരിപാടികളും മുടക്കമില്ലാതെ നടത്തുന്നുണ്ട്. എല്ലാ മാസവും ആദ്യ ഞായറാഴ്ചത്തെ പാട്ടരുവി, രണ്ടാം ശനിയാഴ്ച രാവിലെ 6.30നുള്ള പ്ലാസ്റ്റിക് മാലിന്യ ശേഖരണം, മൂന്നാം ഞായറാഴ്ചത്തെ മെഡിക്കല്‍ ക്യാമ്പ്, ബോധവത്കരണ ക്ലാസ്, നാലാം ഞായറാഴ്ചത്തെ തമാശക്കൂട്ടം എന്നിവ പരിപാടികളില്‍ ചിലതാണ്. വന്‍ പങ്കാളിത്തമാണ് പലപ്പോഴും തമാശക്കൂട്ടത്തില്‍. പങ്കെടുക്കുന്നവര്‍ പറയുന്ന കഥയും കാമ്പുമുള്ള താമാശകള്‍ മാനസിക പിരിമുറുക്കത്തിനുള്ള ഔഷധമാണെന്നു അംഗങ്ങളില്‍ പലരും പറയുന്നു.
ലൈബ്രറി പ്രസിഡന്റ് ടി.വി. രവീന്ദ്രനെ ആദരിക്കാന്‍ വയനാട് സൗഹൃദക്കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. നാളെ(6) വൈകുന്നേരം നാലിന് കല്‍പ്പറ്റ എസ്‌കെഎംജെ ജൂബിലി ഹാളിലാണ് പരിപാടി. അഡ്വ.പി. ചാത്തുക്കുട്ടി, സൂപ്പി പള്ളിയാല്‍, ഡോ.ടി.പി.വി. സുരേന്ദ്രന്‍, കെ. സുധാറാണി, സി.വി. ജോയി തുടങ്ങിയവര്‍ സംഘാടകരിലെ പ്രമുഖരാണ്. എം.എന്‍. കാരശേരി, എം.വി. ശ്രേയാംസ്‌കുമാര്‍, ഒ.കെ. ജോണി, ഡോ.വിനോദ് കെ. ജോസ്, ഷീല ടോമി, പി.കെ. സുധീര്‍ എന്നിവര്‍ രവീന്ദ്രനെ ആദരിക്കാന്‍ എത്തുന്നവരുടെ നിരയിലുണ്ട്.





Leave a Reply