തമിഴ്‌നാട് ജമാഅത്തുല്‍ ഉലമസഭ ദുരന്തബാധിതര്‍ക്കുള്ള 14 വീടുകള്‍ കൈമാറി
കല്‍പ്പറ്റ: 2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്‌നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നടത്തി. പദ്ധതി പ്രദേശമായ നെല്ലിമാളത്ത് നടന്ന ചടങ്ങില്‍ ജമാഅത്തുല്‍ ഉലമ സഭ പ്രസിഡന്റ് ഖാജാ മുഈനുദ്ദീന്‍ ബാഖവി താക്കോല്‍ കൈമാറ്റം നടത്തി. കുടുംബങ്ങള്‍ക്ക് രേഖകള്‍ അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ കൈമാറി. ജമാഅത്തുല്‍ ഉലമ സഭ ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ ബാദുഷ ഉലവി, ട്രഷറര്‍ മുജീബ് റഹ്മാന്‍ മസ് ലഹി എന്നിവര്‍ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എസ്. മുഹമ്മദ് ദാരിമി, കണ്‍വീനര്‍ സി.പി ഹാരിസ് ബാഖവി, അഡ്വ. ഷുക്കൂര്‍ ബത്തേരി, കോണ്‍ട്രാക്ടര്‍ ജംഷീര്‍ ബത്തേരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തമിഴ്‌നാട് ജമാഅത്തുല്‍ ഉലമ സഭക്കുള്ള ഗുണഭോക്താക്കളുടെ ഉപഹാരം എം.എല്‍.എ കൈമാറി. ചടങ്ങിന് ജമാഅത്തുല്‍ ഉലമ സഭ ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ ബാദുഷ ഉലവി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഖാജാ മുഈനുദ്ദീന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി പ്രാര്‍ഥന നടത്തി. അബ്ദുറഹ്മാന്‍ ബാഖവി നെല്ലിക്കുപ്പം ഖിറാഅത്ത് നടത്തി. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. ശിഹാബ്, അജ്മല്‍ സാജിദ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വൈസ് പ്രസിഡന്റ് ജോണ്‍ മാത, അംഗങ്ങളായ കെ.കെ സഹദ്, ഷൈജ ബേബി, സീനത്ത്, പി.കെ അനില്‍കുമാര്‍, പീര്‍ മുഹമ്മദ് ബാഖവി, അലി ഹുസൈന്‍ ബാഖവി സംസാരിച്ചു. സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് എം. ഹസന്‍ മുസ് ലിയാര്‍, കെ.എ നാസര്‍ മൗലവി, കെ. മുഹമ്മദ്കുട്ടി ഹസനി, മുഹിയുദ്ദീന്‍കുട്ടി യമാനി, നൗഷിര്‍ വാഫി, ഷംസുദ്ദീന്‍ റഹ്മാനി, ഷഫീഖ് ഫൈസി സംബന്ധിച്ചു. കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ് ബാഖവി ചടങ്ങിന് നന്ദി പറഞ്ഞു. 6.5 സെന്റ് സ്ഥലത്ത് 850 സ്‌ക്വയര്‍ ഫീറ്റുള്ള വീടാണ് 14 കുടുംബങ്ങള്‍ക്കായി നിര്‍മിച്ചിട്ടുള്ളത്. 25 ലക്ഷം രൂപയാണ് സ്ഥലമടക്കം ഒരു വീടിന് ചിലവ് വന്നത്. രണ്ട് കിടപ്പുമുറി, ഹാള്‍, കിച്ചന്‍, രണ്ട് ബാത്ത് റൂം, സിറ്റൗട്ട് അടക്കം മുകളിലേക്ക് ഒരുനില കൂടി നിര്‍മിക്കാന്‍ സാധിക്കുന്ന രീതിയിലാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഉരുള്‍ദുരന്തം നേരിട്ട് അനുഭവിച്ചവരും പല കാരണങ്ങളാല്‍ സര്‍ക്കാരിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരുമാണ് ഗുണഭോക്താക്കള്‍. ഒരു വര്‍ഷമായി സഭ വാടക നല്‍കുന്ന 23 കുടുംബങ്ങളില്‍ നിന്നാണ് 14 കുടുംബങ്ങളെ തിരഞ്ഞെടുത്തത്. ഉരുള്‍ദുരന്തം അറിഞ്ഞത് മുതല്‍ വിവിധ സേവന പ്രവര്‍ത്തനങ്ങളുമായി തിമിഴ്‌നാട് ജമാഅത്തുല്‍ ഉലമ സഭ വയനാട്ടിലുണ്ട്. സമസ്ത വയനാട് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചത്. 2024 നവംബര്‍ ആറിനായിരുന്നു വീടുകളുടെ നിര്‍മ്മാണത്തിന് തുടക്കമിട്ടത്. ജെ.എസ് കണ്‍സ്ട്രക്ഷന്‍സാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.





Leave a Reply