April 30, 2026

വയനാട് മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്; ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

0
IMG-20260107-WA0119
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ഗുരുതരമായ അനാസ്ഥയ്‌ക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്ത്. പ്രസവത്തിനായി എത്തിയ യുവതിയുടെ ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തിനുള്ളിൽ തുണി മറന്നുവെച്ച സംഭവത്തിൽ ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു .

രോഗിയുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങൾ മെഡിക്കൽ കോളേജിന്റെ വിശ്വാസ്യത തകർക്കുന്നതാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. മെഡിക്കൽ കോളേജിന് മുന്നിൽ നടന്ന പ്രതിഷേധ സമരം ബിജെപി പാലക്കാട് മേഖല ഉപാദ്ധ്യക്ഷൻ പുനത്തിൽ രാജൻ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന സർക്കാർ സംവിധാനങ്ങളിൽ ഉണ്ടാകുന്ന ഇത്തരം വീഴ്ചകൾ യാദൃശ്ചികമല്ലെന്നും ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി മണ്ഡലം പ്രസിഡന്റ് സുമരാമൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെയും ഡോക്ടർമാരെയും മാറ്റിനിർത്തി നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

സമരത്തിൽ പ്രമുഖ നേതാക്കളായ കെ. ജയേന്ദ്രൻ, ഇ. മാധവൻ, കണ്ണൻ കണിയാരം, ശ്രീജിത്ത് കണിയാരം, അഖിൽ കേളോത്ത് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധത്തിന് സജീവൻ കണിയാരം, ടി.പി രാജഗോപാൽ, പ്രദീപ് തോൽപ്പെട്ടി, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ബിന്ദു തവിഞ്ഞാൽ, അമ്പിളി സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി. വൻ ജനപങ്കാളിത്തത്തോടെ നടന്ന മാർച്ച് മെഡിക്കൽ കോളേജ് പരിസരത്ത് പോലീസ് തടഞ്ഞു. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *