കാട്ടേരിക്കുന്ന് പാലം നിർമാണവും മെഡിക്കൽ കോളേജ് സി.ടി സ്കാനർ ഫണ്ടും: കോൺഗ്രസ് തെറ്റായ പ്രചാരണം അവസാനിപ്പിക്കണം – പാലം ആക്ഷൻ കമ്മിറ്റി
തലപ്പുഴ : തലപ്പുഴ–കാട്ടേരിക്കുന്ന് പാലം നിർമാണ പദ്ധതിയെ സംബന്ധിച്ച് കോൺഗ്രസ് മാനന്തവാടി മണ്ഡലം നേതൃത്വം നടത്തിവരുന്ന അസംബന്ധവും വസ്തുതാവിരുദ്ധവുമായ പ്രചാരണങ്ങളിൽ നിന്ന് അടിയന്തിരമായി പിന്മാറണമെന്ന് കാട്ടേരിക്കുന്ന് പാലം ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
2025–26 ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ ഭരണാനുമതിയില്ലാത്ത പദ്ധതികളിൽ നിന്നുള്ള തുകകൾ സർക്കാർ പുനക്രമീകരിച്ചാണ് പാലത്തിനായി ഫണ്ട് അനുവദിച്ചത്. എന്നാൽ ഫണ്ട് പുനക്രമീകരണത്തിന്റെ യഥാർത്ഥ പശ്ചാത്തലം മനസ്സിലാക്കാതെയോ മനപ്പൂർവ്വം മറച്ചുവെച്ചോ, പാലം പദ്ധതിയെ കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തരത്തിലാണ് കോൺഗ്രസ് നേതാക്കൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത്. മെഡിക്കൽ കോളേജിലെ സി.ടി സ്കാനർ വിഷയവുമായി പാലം പദ്ധതിയെ ബന്ധപ്പെടുത്തി നടത്തുന്ന ദുരുദ്ദേശപരമായ പ്രചാരണം തികഞ്ഞ രാഷ്ട്രീയ അവസരവാദമാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
പാലം പൊളിഞ്ഞതിലൂടെ പ്രയാസത്തിലായ പ്രദേശത്തെ ജനങ്ങളുടെ യാത്രാസൗകര്യത്തിനും വികസനത്തിനും അത്യന്താപേക്ഷിതമായ പദ്ധതിയാണിത്. വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമായ പാലം യാഥാർത്ഥ്യമാക്കാനുള്ള നടപടികളെ സ്വാഗതം ചെയ്യേണ്ടതിനു പകരം, അനാവശ്യ വിവാദങ്ങൾ ഉയർത്തി പദ്ധതി തടസ്സപ്പെടുത്താൻ ശ്രമിക്കുന്നത് ജനവികാരങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.
വികസന വിഷയങ്ങളിൽ ഉത്തരവാദിത്വമുള്ള സമീപനം സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണം. സർക്കാർ പദ്ധതികളെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും കാട്ടേരിക്കുന്ന് പാലം ആക്ഷൻ കമ്മിറ്റി കൂട്ടിച്ചേർത്തു.
യോഗത്തിൽ ചെയർമാൻ എം എസ് സലീം അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻമാരായ ഷാജി പാത്താടൻ, സി.എച്ച് മനോജ്, കൺവീനർ ജലീൽ പി, ജോയിന്റ് കൺവീനർമാരായ റഷീദ് മാസ്റ്റർ, സകരിയ്യ കെ.എസ്, ട്രഷറർ അൻവർ പി പി, കമ്മിറ്റിയംഗങ്ങളായ ഹംസ ഉസ്താദ്, ഗഫൂർ വി പി, അഷ്‌റഫ് കെ, അഷ്‌റഫ് എം കെ, മുസ്തഫ എ പി, ഷബ്‌നാസ്, രമേശൻ മാസ്റ്റർ , മൊയ്‌തീൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply