കാട്ടാനയുടെ ആക്രമണത്തിൽ രാജു കൊല്ലപ്പെട്ട സംഭവം: ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് എസ്.ഡി.പി.ഐ
മാനന്തവാടി: കാട്ടിക്കുളം പുളിമൂട്‌കുന്നിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ രാജു (65) മരണപ്പെട്ട സംഭവം അതീവ ഗുരുതരമാണെന്നും, സംഭവത്തിൽ വീഴ്ച വരുത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.
മണ്ഡലത്തിൽ വന്യജീവി ആക്രമണങ്ങൾ തുടർക്കഥയായിട്ടും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടിരിക്കുകയാണ്.
ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് ഒരു മനുഷ്യജീവൻ നഷ്ടമായത്. അപകടസാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിലും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിലും ഉണ്ടായ ഗുരുതര വീഴ്ചയാണ് ഈ മരണത്തിലേക്ക് നയിച്ചതെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.
ഓരോ ദുരന്തത്തിനുശേഷവും നഷ്ടപരിഹാര പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാതെ, ഇത്തരം സംഭവങ്ങൾക്ക് കാരണമായ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം കൂടി പരിശോധിക്കപ്പെടണം. രാജുവിന്റെ മരണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും, സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അല്ലെങ്കിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.
മരണമടഞ്ഞ രാജുവിന്റെ കുടുംബത്തിന് പരമാവധി നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് സ്ഥിരം സർക്കാർ ജോലിയും നൽകണം. വനാതിർത്തി മേഖലകളിൽ ശാസ്ത്രീയവും ഫലപ്രദവുമായ പ്രതിരോധ സംവിധാനങ്ങൾ അടിയന്തരമായി നടപ്പിലാക്കി ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാജുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുന്നത് വരെ ജനങ്ങൾക്കൊപ്പമുള്ള പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകുമെന്നും കമ്മിറ്റി അറിയിച്ചു.





Leave a Reply