ഗോത്ര യുവതയുടെ സ്വപ്നങ്ങൾക്ക് സ്റ്റിയറിംഗ് പിടിപ്പിച്ച് വയനാട് ജനമൈത്രി പോലീസ്
കൽപ്പറ്റ: വയനാട് ജനമൈത്രി പോലീസിന്റെ ട്രൈബൽ ജനമൈത്രി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ ഡ്രൈവിംഗ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ഗോത്ര മേഖലയിലുള്ള യുവതീ-യുവാക്കൾക്ക് ലൈസൻസുകൾ വിതരണം ചെയ്തു. ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ ഐ.പി.എസ് വിതരണോദ്ഘാടനം നിർവഹിച്ചു. കൃത്യമായ പരിശീലനത്തിലൂടെ ഡ്രൈവിങ് ലൈസൻസുകൾ സ്വന്തമാക്കിയവർ ട്രാഫിക്ക് നിയമങ്ങൾ കൃത്യമായി പാലിച്ച് വാഹനമോടിക്കണമെന്നും, ജീവിതത്തിലെ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിട്ട് കൂടുതൽ നേട്ടങ്ങൾ കൈവരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കൽപ്പറ്റ ഗവ. റസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ജില്ലാ അഡിഷണൽ എസ്.പി കെ.എസ്. ഷാജി അധ്യക്ഷത വഹിച്ചു. ആർ.ടി.ഒ പി.ആർ. സുമേഷ് മുഖ്യാതിഥിയായി. സോഷ്യൽ പോലീസിങ് ജില്ലാ അസി. നോഡൽ ഓഫിസർ കെ.എം. ശശിധരൻ, എസ്.പി.സി ജില്ലാ അസി. നോഡൽ ഓഫിസർ കെ. േമാഹൻദാസ്, കൽപ്പറ്റ സെൻട്രൽ ബാങ്ക് മാനേജർ ശിൽപ സുരേഷ്, ന്യൂ ഓസ്‌കാർ ഡ്രൈവിങ് സ്‌കൂൾ പ്രൊപ്പൈറ്റർ പ്രകാശൻ, തുടങ്ങിയവർ സംസാരിച്ചു. സിവിൽ പോലീസ് ഓഫിസർ സിജു. സി. മീന ബോധവലക്കരണ ക്ലാസ് നയിച്ചു.
ലൈസൻസ് നേടുക എന്നത് ഗോത്രമേഖലയിലെ നിരവധി പേരുടെ സ്വപ്നമായിരിക്കുമ്പോൾ, ആ സ്വപ്ന സാക്ഷാത്ക്കാരത്തിന് വഴിയൊരുക്കുകയാണ് വയനാട് ജനമൈത്രി പോലീസ്. റോഡ് സുരക്ഷയും തൊഴിൽ അവസരങ്ങളും ലക്ഷ്യമിട്ട് ബോധവൽക്കരണ ക്ലാസുകളും പ്രായോഗിക പരിശീലനവും ഉൾപ്പെടുത്തി ന്യൂ ഓസ്‌കാർ ഡ്രൈവിങ് സ്‌കൂളിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്്. ഡിസംബറിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തതത്. ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിൽ നിന്നും പോലീസ് തിരഞ്ഞെടുത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 104 ഗോത്ര യുവതീ-യുവാക്കൾക്കായാണ് ഡ്രൈവിങ് പരിശീലനം നൽകിയത്. ഇതിൽ ആദ്യഘട്ടമെന്ന നിലയിൽ എല്ലാ ടെസ്റ്റുകളിലും പാസായ അമ്പതോളം പേർക്കാണ് ലൈസൻസ് വിതരണം ചെയ്തത്്.
എ.എസ്.ഐമാരായ ബിനോയ് ഐസക്ക്, സിനു ജോർജ്,. ചന്ദ്രബാബു, എസ്.സി.പി.ഒമാരായ കെ.കെ. പ്രഭാകരൻ, ടി.കെ. ദീപ, മഹേഷ് എ. രാജ്, ടി.എം. രമേശൻ, പി.എം. രാജേഷ് പി എം, കെ.എം. ഹരിഹരൻ, ഐ.എസ്. സുധീഷ് , സി. സുഭാഷ്, സി.പി.ഒമാരായ വി.ജി. ജിജീഷ്, ടി.എൽ. ലല്ലു എന്നിവർ നേതൃത്വം നൽകി.





Leave a Reply