May 1, 2026

ബ്രഹ്മഗിരിയിൽ ചാക്കിൽ പണമെത്തിച്ച് വെളുപ്പിച്ചു; ഗുരുതര ആരോപണവുമായി മുൻ ജീവനക്കാരൻ

0
IMG_20260121_150056
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിൽ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആരോപണവുമായി മുൻ ജീവനക്കാരൻ രംഗത്ത്. സൊസൈറ്റിയിലെ മുൻ ജീവനക്കാരനും സി.പി.എം കൽപ്പറ്റ ടൗൺ ബ്രാഞ്ച് അംഗവുമായ നൗഷാദാണ് വെളിപ്പെടുത്തലുമായി എത്തിയത്. 2021 ഡിസംബർ രണ്ടിന് ചാക്കിൽ പണം ബ്രഹ്മഗിരിയിൽ എത്തിച്ചതിന് താൻ സാക്ഷിയാണെന്നും, സൊസൈറ്റിയുടെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കാൻ കഴിയാത്ത വലിയ തുകകൾ താനടക്കമുള്ള ജീവനക്കാരുടെ അക്കൗണ്ടുകൾ വഴി മാറ്റിയെടുക്കുകയായിരുന്നുവെന്നും നൗഷാദ് പറഞ്ഞു. ഒന്നര ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ ജീവനക്കാരുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ച് പിന്നീട് സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റുന്ന രീതിയാണ് പിന്തുടർന്നത്. യൂണിയൻ ബാങ്കിന്റെ ബത്തേരി ശാഖ വഴി നടന്ന ഈ ഇടപാടുകൾക്ക് സൊസൈറ്റി ചെയർമാന്റെ ബന്ധുവായ ബാങ്ക് മാനേജർ ഒത്താശ ചെയ്തതായും ആരോപണമുണ്ട്. ഇതിന് മുൻപും സമാനമായ രീതിയിൽ പണം വെളുപ്പിച്ചിട്ടുണ്ടെന്നും ഇതിന്റെ ചിത്രങ്ങൾ കൈവശമുണ്ടെന്നും നൗഷാദ് വ്യക്തമാക്കി.

നൂറ് കോടിയിലധികം രൂപയുടെ നിക്ഷേപം സമാഹരിച്ച സൊസൈറ്റി നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മലബാർ മീറ്റ് അടക്കമുള്ള പദ്ധതികളിൽ പണം നിക്ഷേപിച്ച അറുന്നൂറോളം പേർക്ക് പലിശയോ നിക്ഷേപത്തുകയോ തിരികെ നൽകാൻ സൊസൈറ്റിക്ക് കഴിഞ്ഞിട്ടില്ല. ഇതിന് പുറമെ കേരള ചിക്കൻ പദ്ധതിയിലെ കർഷകർക്ക് മൂന്നര കോടിയോളം രൂപയും ജീവനക്കാർക്ക് മാസങ്ങളായുള്ള ശമ്പളവും കുടിശ്ശികയാണ്. സർക്കാർ നൽകിയ ഫണ്ടുകളുടെ വിനിയോഗത്തിലും അഴിമതി നടന്നിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നുമാണ് മുൻ ജീവനക്കാരന്റെ ആവശ്യം. സംഭവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണ ഏജൻസിക്ക് മുന്നിലും തെളിവുകൾ ഹാജരാക്കാൻ തയ്യാറാണെന്നും നൗഷാദ് കൂട്ടിച്ചേർത്തു. നിക്ഷേപകർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് മാസങ്ങളായി സമര രംഗത്തുള്ളതിനിടെ പുറത്തുവന്ന പുതിയ വെളിപ്പെടുത്തൽ പാർട്ടിയെയും സൊസൈറ്റി ഭരണസമിതിയെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *