കൊച്ചിയിൽ അമ്മയെ കമ്പിപ്പാര കൊണ്ട് മർദ്ദിച്ച് പരിക്കേൽപ്പിച്ച മകൾ മാനന്തവാടിയിൽ പിടിയിൽ
മാനന്തവാടി: കൊച്ചി പനങ്ങാട് സ്വദേശിനിയായ സരസുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ല് തകർത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മകൾ നിവ്യയെ(32) പനങ്ങാട് പോലീസ് മാനന്തവാടിയിൽ നിന്ന് അറസ്റ്റ് ചെയ്തു. വീട്ടിലിരുന്ന ഫേസ് ക്രീം കാണാതായതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അതിക്രൂരമായ മർദനത്തിൽ കലാശിച്ചത്. ക്രീം എവിടെയെന്ന് ചോദിച്ചപ്പോൾ എടുത്തിട്ടില്ലെന്ന് മറുപടി നൽകിയ സരസുവിനെ നിവ്യ ആദ്യം നിലത്തിട്ട് ചവിട്ടുകയും തുടർന്ന് കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കും ശരീരത്തിലും മാരകമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ സരസു നിലവിൽ ചികിത്സയിലാണ്.
കൊലപാതക കേസിലും 60 കിലോ കഞ്ചാവ് കടത്തിയ കേസിലും പ്രതിയായ നിവ്യക്കെതിരെ പോലീസ് ഗുണ്ടാ ആക്ട് പ്രകാരം നടപടി സ്വീകരിക്കും. ഇന്ന് പുലർച്ചെ മാനന്തവാടിയിൽ നിന്നാണ് പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. നിവ്യയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.





Leave a Reply