നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് മികച്ച വിജയം നേടും: മുസ്ലിം ലീഗ്
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികള്‍ തിളക്കമാര്‍ന്ന വിജയം നേടുമെന്ന് ജില്ലാ മുസ്ലിംലീഗ് തെരഞ്ഞെടുപ്പ് അവലോകന യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റ് എന്‍.കെ റഷീദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു.
കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി സിദ്ധീഖിന്റെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന മികവും, മുണ്ടക്കൈ ദുരിത ബാധിതര്‍ക്കായി അദ്ദേഹം നടത്തിയ മികച്ച പ്രവര്‍ത്തനവും, സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഈ വിഷയത്തിലുണ്ടായ അലംഭാവവും, വയനാടിനോടുള്ള സര്‍ക്കാറിന്റെ അവഗണനയും, യു.ഡി.എഫിന്റെ ചിട്ടയായ പ്രവര്‍ത്തനവും വിജയത്തിന് നിദാനമാണ്. മാനന്തവാടിയില്‍ ഉഷാവിജയന്റെ സ്ഥാനാര്‍ത്ഥിത്വ മികവും, ഇടതുസര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ-ജനദ്രോഹ നടപടികളും, മന്ത്രിയുടെ സ്വന്തം പഞ്ചായത്തിലെ ആദിവാസി വിരുദ്ധ നിലപാടുകളും, അക്രമ രാഷ്ട്രീയവും തെരഞ്ഞടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയതായി യോഗം അഭിപ്രായപ്പെട്ടു. സുല്‍ത്താന്‍ ബത്തേരിയില്‍ ഐ.സി ബാലകൃഷ്ണന്റെ പതിനഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളും, വന്യജീവി ശല്യം, മൈസൂര്‍-നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍വേ, ബൈരന്കുപ്പപാലം, രാത്രിയാത്ര നിരോധനം, ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളോടുള്ള സര്‍ക്കാറിന്റെ അവഗണനയും വോട്ടര്‍മാരെ ഏറെ സ്വാധീനിച്ചു.
ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം നടത്തിയ കുപ്രചാരണവും, ഐ.സിക്കെതിരെ വ്യാപകമായി നടത്തിയ കള്ളപ്രചാരണവും, സി.പി.എമ്മിന് തന്നെ വന്‍തിരിച്ചടിയായി. മികച്ച ഭൂരിപക്ഷത്തോടെ നാലാം തവണയും ഐ.സി ഉജ്വല വിജയം നേടുമെന്ന് യോഗം ചൂണ്ടിക്കാട്ടി. വയനാട്ടിലെ മൂന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ട് രേഖപ്പെടുത്തിയ മുഴുവന്‍ വോട്ടര്‍മാരെയും, തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ച യു.ഡി.എഫ് പ്രവര്‍ത്തകരെയും, നേതാക്കളും യോഗം അഭിനന്ദിച്ചു.
റസാഖ് കല്‍പ്പറ്റ, അബ്ദുല്ല മാടക്കര, എന്‍ നിസാര്‍ അഹമ്മദ്, എം മുഹമ്മദ് ബഷീര്‍, യഹ്യാഖാന്‍ തലക്കല്‍, കെ ഹാരിസ്, പി.പി അയ്യൂബ്, അസീസ് കോറോം, വി അസൈനാര്‍ ഹാജി, സലിം മേമന, ടി മൊയ്തു, സി.കെ ഹാരിഫ്, കൊച്ചി ഹമീദ് സംസാരിച്ചു. ജന.സെക്രട്ടറി ടി മുഹമ്മദ് സ്വാഗതവും, സി കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു.





Leave a Reply