ഐ.എസ്.ആർ.ഒ. ബഹിരാകാശ ഗവേഷണ ക്യാമ്പിലേക്ക് കാക്കവയൽ സ്കൂളിലെ വൈഗ എസ്. തിരഞ്ഞെടുക്കപ്പെട്ടു
കാക്കവയൽ: രാജ്യത്തെ ഒന്നരലക്ഷത്തോളം ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കിടയിൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ.) നടത്തിയ പരീക്ഷയിൽ ഉന്നത വിജയം നേടി കാക്കവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വൈഗ എസ്. അപൂർവ്വ നേട്ടം കൈവരിച്ചു. ഐ.എസ്.ആർ.ഒ.യുടെ ‘യുവിക’ ബഹിരാകാശ ഗവേഷണ ക്യാമ്പിലേക്ക് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 14 വിദ്യാർത്ഥികളിൽ ഒരാളാണ് വൈഗ. മെയ് 11 മുതൽ 22 വരെ തിരുവനന്തപുരം വിക്രം സാരാഭായി റിസർച്ച് സെന്ററിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഹൈദരാബാദിൽ നടന്ന ദക്ഷിണ മേഖല ശാസ്ത്രമേളയിൽ വയനാട്ടിലെ അധിനിവേശ സസ്യങ്ങളെക്കുറിച്ചുള്ള ഗവേഷണ പ്രോജക്റ്റ് അവതരിപ്പിച്ച് വൈഗയും സഹപാഠി വൈഷ്ണവിയും ദേശീയതലത്തിൽ പ്രത്യേക പുരസ്കാരം നേടിയിരുന്നു. ശാസ്ത്ര അധ്യാപകൻ ടി. അശോകന്റെ മാർഗനിർദേശത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. കൂടാതെ, 2025-26 വർഷത്തെ സംസ്ഥാന ശാസ്ത്രോത്സവത്തിൽ മൂന്നിനങ്ങളിൽ അഞ്ച് വിദ്യാർത്ഥികൾ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടിക്കൊണ്ട് വയനാട് ജില്ലയ്ക്ക് അഭിമാനകരമായ നേട്ടം കൈവരിക്കുന്നതിലും വൈഗ നിർണ്ണായക പങ്കുവഹിച്ചു.





Leave a Reply