കോട്ടത്തറ ഗ്രാമപഞ്ചായത്തിന് പദ്ധതി വിഹിതം ഉടൻ അനുവദിക്കണം: യുഡിഎഫ് കോർ കമ്മിറ്റി
കോട്ടത്തറ: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പദ്ധതി വിഹിതം കോട്ടത്തറ ഗ്രാമപഞ്ചായത്തിന് ഉടൻ അനുവദിക്കണമെന്ന് യുഡിഎഫ് കോർ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുൻ വർഷം അംഗീകാരം ലഭിച്ച് നടപ്പിലാക്കിയ പദ്ധതികളുടെ പണം അനുവദിക്കാത്തത് പുതിയ സാമ്പത്തിക വർഷത്തെ പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്നും, പുതിയ ഭരണസമിതി വിഭാവനം ചെയ്ത പല പദ്ധതികളും വെട്ടിക്കുറയ്ക്കേണ്ട അവസ്ഥയിലാണെന്നും യോഗം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തെ അവസാന ഗഡുവായി ലഭിക്കാനുള്ള ഒരു കോടിയിലധികം രൂപ അടിയന്തിരമായി അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എടുത്ത പണികൾക്ക് തുക ലഭിക്കാത്തതിനാൽ കരാറുകാർ പുതിയ വർക്കുകൾ ഏറ്റെടുക്കാത്തത് വലിയ വികസന പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കൂടാതെ, കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വരൾച്ച ദുരിതാശ്വാസ ഫണ്ട് ലഭ്യമാക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ചെയർമാൻ അബ്ദുള്ള വൈപ്പടി അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ സുരേഷ് ബാബു വാളൽ, സി സി തങ്കച്ചൻ, വി സി അബൂബക്കർ ഹാജി, ജനപ്രതിനിധികളായ രജിത സി സി, അജീഷ് ഇ സി, രനീഷ് പി പി, ഇ ആർ പുഷ്പ, ജസ്റ്റിൻ സിറിയക്, റംല അസീസ്, വി ആർ ബാലൻ, പി കെ ജോൺ എന്നിവർ സംസാരിച്ചു.





Leave a Reply