ഐ.സി.ടി. ദേശീയ പുരസ്കാര ജേതാവ് കെ.പി. ഷൗക്കുമാൻ സർവീസിൽ നിന്നും വിരമിക്കുന്നു
കൽപ്പറ്റ: വിദ്യാഭ്യാസ രംഗത്ത് നൂതന സാങ്കേതിക വിദ്യകളും എ.ഐ. ഉൾപ്പെടെയുള്ള പരിഷ്കാരങ്ങളും നടപ്പിലാക്കി ദേശീയ ശ്രദ്ധയാകർഷിച്ച പനങ്കണ്ടി ഗവ. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കെ.പി. ഷൗക്കുമാൻ ഏപ്രിൽ 30-ന് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നു. കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകൾ ക്ലാസ് റൂമുകളിൽ പ്രായോഗികമാക്കിയതിലൂടെ ‘സോഫ്റ്റ്‌മാൻ’ എന്ന പേരിൽ അധ്യാപകർക്കിടയിൽ പ്രശസ്തനായ ഇദ്ദേഹം, 2010-ൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഐ.സി.ടി. ദേശീയ അധ്യാപക പുരസ്കാരം അന്നത്തെ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയിൽ നിന്നും ഏറ്റുവാങ്ങിയ ആദ്യ മലയാളി അധ്യാപകനാണ്.
കേന്ദ്ര മാനവവിഭവശേഷി വകുപ്പ് ഡൽഹിയിൽ സംഘടിപ്പിച്ച ഡിജിറ്റൽ ഇന്ത്യ ഇ-പാഠശാല ലോഞ്ചിംഗിൽ കേരളത്തിൽ നിന്നും പങ്കെടുത്ത ഏക അധ്യാപകനും ഇദ്ദേഹമായിരുന്നു. 31 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ മുട്ടിൽ ഓർഫനേജ് ഹൈസ്കൂൾ, പനങ്കണ്ടി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും തച്ചങ്ങാട് ഗവ. ഹൈസ്കൂൾ, വാകേരി ഗവ. ഹൈസ്കൂൾ, പനങ്കണ്ടി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രധാനധ്യാപകനായും സേവനമനുഷ്ഠിച്ചു. സർവീസ് പരീക്ഷകളിൽ അറുന്നൂറോളം പേർക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ സൗജന്യ പരിശീലനം നൽകി സ്ഥാനക്കയറ്റം ഉറപ്പാക്കാനും ഇദ്ദേഹത്തിന് സാധിച്ചു.
കെ.എസ്.ടി.യു. ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ഷൗക്കുമാൻ മാസ്റ്റർ, ജില്ലാ വിദ്യാഭ്യാസ സമിതിയിലും ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതിയിലും അംഗമാണ്. പിണങ്ങോട് ഓർഫനേജ് ഹൈസ്കൂൾ അധ്യാപിക എം.ബി. ഷാഹിനയാണ് ഭാര്യ. മുംബൈ ബാബ അറ്റോമിക് റിസർച്ച് സെന്റർ ഉദ്യോഗസ്ഥ ഹസ്ന മിനു മകളും കോഴിക്കോട് സൈലം വിദ്യാർത്ഥി ആദിൽ അമീൻ മകനുമാണ്.





Leave a Reply