കാട്ടാനപ്പടയ്ക്ക് മറുപടിയുമായി കുങ്കിയാനകൾ; മുടക്കൊല്ലിയിൽ വനംവകുപ്പിന്റെ വൻ പരിശോധന
ബത്തേരി: ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുടക്കൊല്ലി, മണ്ണുണ്ടി ഭാഗങ്ങളിൽ ജനവാസമേഖലയിലിറങ്ങുന്ന കാട്ടാനകളെ തുരത്തുന്നതിനായി മുത്തങ്ങ ആനക്യാമ്പിലെ പ്രമുഖ, ഉണ്ണികൃഷ്ണൻ എന്നീ കുങ്കിയാനകളെ ഉപയോഗിച്ച് വനമേഖലയിൽ വ്യാപക പരിശോധന നടത്തി. മുടക്കൊല്ലി ഭാഗത്ത് ഇറക്കിയ കുങ്കിയാനകളുടെ സഹായത്തോടെ കൊമ്മഞ്ചേരി മുതൽ ആറാം മൈൽ വരെയുള്ള വനഭാഗങ്ങളിലാണ് പരിശോധന നടന്നത്. ബത്തേരി വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ജനപ്രതിനിധികളുടെ യോഗ തീരുമാനപ്രകാരമാണ് നടപടി. ഇരുളം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് കെ.പി. അബ്ദുൽ ഗഫൂർ, കുപ്പാടി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അരവിന്ദാക്ഷൻ കണ്ടെത്തുപാറ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വന്യജീവി ശല്യം തടയുന്നതിനായി പ്രദേശത്തെ ട്രെഞ്ചുകൾ നന്നാക്കാനും ഫെൻസിങ് ലൈനുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഇതിനുപുറമെ രാത്രികാല പെട്രോളിങ് ശക്തമാക്കാനും മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാനും ട്രെഞ്ചിനോട് ചേർന്ന് പഴയ ഫെൻസിങ് ലൈനുകൾ പുനഃസ്ഥാപിക്കാനും തീരുമാനിച്ചു. സൗത്ത് വയനാട് ഡി.എഫ്.ഒ ആഷിക്കലി യു., വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ എ.സി.എഫ് അജിത് കെ. രാമൻ, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ എം.കെ. രാജീവ് കുമാർ, കണ്ണൻ, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അമൽ ജോയ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഴ്സി ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീനേഷ് കെ.ജി, ബിനിത പി. തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.





Leave a Reply