കേരളം ആര് നേടും, മുഖ്യമന്ത്രി ആരാകും? ഫലമറിയാൻ മണിക്കൂറുകൾ മാത്രം
കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് നേടും കേരളം, ആരാകും മുഖ്യമന്ത്രി എന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി. എക്സിറ്റി പോളുകളിൽ യുഡിഎഫ് വിജയം പ്രവചിക്കുമ്പോൾ ജനവിധി തങ്ങൾക്കൊപ്പമാകുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലായി ഏപ്രിൽ 9 ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 883 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പ് കളത്തിലുള്ളത്. മൂന്ന് മുന്നണികളും സ്ഥാനാര്‍ഥികളും വിജയപ്രതീക്ഷയിലാണ്. ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലങ്ങള്‍ ഏറെ. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഉദ്വേഗത്തോടെയുളള കാത്തിരിപ്പിനാണ് നാളെ അവസാനമാകുക. ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം 78.27 ശതമാനമായിരുന്നു. കനത്ത പോളിങ് നടന്ന സംസ്ഥാനത്ത് ഭരണം ആര് നേടുമെന്നതിൽ ആകാംഷയും ഏറെയാണ്.
43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിൽ തിങ്കളാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. എട്ടേകാലോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും. 140 റിട്ടേണിങ് ഓഫീസർമാരും 1340 അഡീഷണൽ റിട്ടേണിങ് ഓഫീസർമാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 കൗണ്ടിങ് സൂപ്പർവൈസർമാരും 5563 കൗണ്ടിങ് അസിസ്റ്റൻഡുമാരും ഉൾപ്പെടെ ആകെ 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന്റെ ഭാഗമാകുന്നത്. പോസ്റ്റൽ ബാലറ്റുകൾ മുതൽ എണ്ണി തുടങ്ങുന്ന ഫലപ്രഖ്യാപനം എങ്ങനെയാണെന്ന് അറിയാം.
പോളിങ് സാമഗ്രികൾ സൂക്ഷിച്ച സ്ട്രോങ് റൂമുകൾ സ്ഥാനാർഥികളുടേയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ രാവിലെ ഏഴോടെ തുറക്കും. തത്സമയ വീഡിയോ റെക്കോർഡിങ് ഉണ്ടാകും. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യമെണ്ണുക. 500 പോസ്റ്റൽ ബാലറ്റിന് ഒന്നെന്ന ക്രമത്തിൽ പ്രത്യേകം കൗണ്ടിങ് ടേബിളുകളും ഓരോന്നിനും അസി. റിട്ടേണിങ് ഓഫീസറെയും ക്രമീകരിക്കും.
പോസ്റ്റൽ വോട്ടുകൾ ഇല്ലാത്ത മണ്ഡലങ്ങളിൽ എട്ട് മണിക്ക് തന്നെ ഇവിഎം (ഇലക്ട്രോണിക് വോട്ടിങ് മെഷീൻ) എണ്ണിത്തുടങ്ങും. അല്ലാത്തയിടങ്ങളിൽ എട്ടരയോടെയാണ് ഇവിഎം എണ്ണിത്തുടങ്ങുക. ഇവിഎമ്മിൽ ഒരു റൗണ്ടിൽ പരമാവധി 14 ബൂത്തുകളിലെ വോട്ടുകളെണ്ണും. അതിനായി ഓരോ കേന്ദ്രത്തിലും 14 കൗണ്ടിങ് മേശകൾ ക്രമീകരിക്കും.
ഇവിമ്മിൽ ബൂത്തിൽ പോൾ ചെയ്ത വോട്ടുകളുടെയും എണ്ണത്തിൽ വ്യത്യാസമുണ്ടെന്നുകണ്ടാൽ വിവി പാറ്റ് സ്ലിപ്പുകൾ എണ്ണും. വിവി പാറ്റ് സ്ലിപ്പുകളിൽ സ്ഥാനാർഥിയുടെ ക്രമനമ്പറും പേരും ചിഹ്നവും ഉൾപ്പെടും. ഇവിഎമ്മിലെ വോട്ടുകളുടെ എണ്ണം പരിശോധിച്ചശേഷം പോളിങ് ദിവസത്തിൽ രേഖപ്പെടുത്തിയ വോട്ടർമാരുടെ വിവരങ്ങൾ പരിശോധിക്കും. ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് ഇൗ പരിശോധനകൾ നടത്തുക. ഇതുകൂടാതെ ഓരോ മണ്ഡലത്തിലേയും അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് നിർബന്ധമായും എണ്ണും.





Leave a Reply