May 13, 2026

കൽപ്പറ്റയിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്ററുകള്‍

0
IMG_20260513_093432
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ വയനാട് ഡി.സി.സി ഓഫിസിനു മുന്നില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. രാഹുലും പ്രിയങ്കയും വയനാടിനെ മറന്നേക്കൂ എന്നും കേരള ജനത നിങ്ങൾക്ക് മാപ്പ് തരില്ലെന്നും ഇംഗ്ലീഷിലുള്ള പോസ്റ്ററുകളില്‍ പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേര് സജീവമായി പരിഗണിക്കപ്പെടുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നും വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരൻ മാത്രമാണെന്നും പോസ്റ്ററിലുണ്ട്. രാഹുലിന്റെയും പ്രിയങ്കയുടെയും വിഡ്ഢിത്തങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും വയനാട് ജനത ഇനി നിങ്ങളെ ജയിപ്പിക്കില്ലെന്നും ആരുടെയും പേരില്ലാത്ത ഈ പോസ്റ്ററുകൾ മുന്നറിയിപ്പ് നല്‍കുന്നു.

 

തിരഞ്ഞെടുപ്പ് ഫലം വന്ന് എട്ടു ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്തത് കോണ്‍ഗ്രസില്‍ അസാധാരണ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ അനിശ്ചിതത്വം വന്‍ വിജയത്തിന്റെ ശോഭ കെടുത്തിയെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് തന്നെ തുറന്നുസമ്മതിച്ചു. ആഘോഷങ്ങള്‍ ഇല്ലാതായതിന് പുറമെ ഇടതുമുന്നണിയുടെ പരാജയം വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്ന പരാതി യു.ഡി.എഫ് നേതാക്കള്‍ക്കുമുണ്ട്. മൂന്നുപേരില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ ഹൈക്കമാൻഡ് വലയുന്നതിനിടെ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ കടുത്ത അതൃപ്തിയിലാണ്. തര്‍ക്കം തെരുവിലേക്ക് നീണ്ട സാഹചര്യത്തില്‍ ലീഗ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കേരള കോൺഗ്രസും ആർ.എസ്.പിയും തങ്ങളുടെ പ്രതിഷേധം നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ജനവിധി യു.ഡി.എഫിന് അനുകൂലമാണെങ്കിലും അതിനോട് നീതിപുലര്‍ത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്ന് ഇടതുകൺവീനർ ടി.പി. രാമകൃഷ്ണനും പ്രതികരിച്ചു. നിലവിലെ കനത്ത തോൽവി മൂലമാണ് സി.പി.എം ഈ അനിശ്ചിതത്വത്തെ വലിയ രീതിയില്‍ ആയുധമാക്കാത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *