സ്കൂൾ തുറക്കൽ: വിപുലമായ മുന്നൊരുക്കങ്ങളുമായി ബത്തേരി നഗരസഭ
ബത്തേരി: അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂളുകളിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കി സുൽത്താൻ ബത്തേരി നഗരസഭ. മുനിസിപ്പൽ എഡ്യൂക്കേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മുന്നൊരുക്ക ശിൽപ്പശാല നഗരസഭാ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് സുരക്ഷിതവും മനോഹരവുമായ പഠനാന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ചെയർപേഴ്സൺ പറഞ്ഞു. മെയ് 20-ന് മുമ്പായി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകളിൽ വിപുലമായ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിക്കും. അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ ഇതിൽ പങ്കാളികളാകും. എല്ലാ ക്ലാസ് മുറികളിലും വെള്ള എമൽഷൻ പെയിന്റ് അടിക്കാനും നിലവിലുള്ള അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനും തീരുമാനിച്ചു.സ്കൂൾ വളപ്പിലെ അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും അടിയന്തരമായി നീക്കം ചെയ്യും.സ്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കാൻ അഞ്ച് വിവിധ വകുപ്പുകളുടെ യോഗം നഗരസഭ വിളിച്ച് ചേർക്കും.വൈസ് ചെയർമാൻ ഇന്ദ്രജിത്ത് എം.ജി അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പാൾ ഡോ. സെബാസ്റ്റ്യൻ കെ.എം മാർഗനിർദേശ രൂപരേഖ അവതരിപ്പിച്ചു.
സ്ഥിരം സമിതി അംഗങ്ങളായ ഷെറിന അബ്ദുള്ള, ഷിഫാനത്ത് വി.കെ, ഷംസാദ് പി, കൗൺസിലർമാരായ രാധാരവീന്ദ്രൻ, മൊയ്തു കെ, എ.ഇ.ഒ ഷിജിത ജി, നിർവഹണ ഉദ്യോഗസ്ഥൻ പി.എ അബ്ദുൾ നാസർ , ടി.കെ ശ്രീജൻ, കുഞ്ഞലവി കെ.ബി, റീത്താമ ജോർജ് തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകർ, പി.ടി.എ ഭാരവാഹികൾ, കൗൺസിലർമാർ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുത്തു.





Leave a Reply