May 22, 2026

പ്രഗതിയും വികാസും; കളക്ടറേറ്റിൽ സെൻസസ് ഭാഗ്യ ചിഹ്നങ്ങൾ അനാച്ഛാദനം ചെയ്തു

0
WhatsApp Image 2026-05-22 at 6.26.06 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ദേശീയ സെൻസസിന് മുന്നോടിയായി ദേശീയ സെൻസസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ ഭാഗ്യ ചിഹ്നങ്ങൾ കളക്ടറേറ്റിൽ അനാച്ഛാദനം ചെയ്തു. പ്രഗതി, വികാസ് എന്നിങ്ങനെ പേര് നൽകിയിരിക്കുന്ന ഭാഗ്യ ചിഹ്നങ്ങൾ കളക്ടറേറ്റ് പ്രവേശന കവാടത്തിൽ ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയാണ് അനാച്ഛാദനം ചെയ്തത്. ജില്ലയിൽ സെൻസസിന്റെ ആദ്യഘട്ടം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ വിവിധ തലങ്ങളിൽ പൂർത്തിയായി വരികയാണ്.

സെൻസസ് എന്യൂമറേറ്റർമാരുടെ വേഷത്തിലുള്ള സ്ത്രീയും പുരുഷനുമാണ് ഭാഗ്യ ചിഹ്നത്തിലുള്ള പ്രഗതിയും വികാസും. രാഷ്ട്ര പുരോഗതിയും കരുത്തും രാഷ്ട്ര നിർമാണത്തിൽ സ്ത്രീകളുടെ തുല്യപങ്കാളിത്തവും വിശദമാക്കുന്ന ഭാഗ്യചിഹ്നങ്ങളിൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സെൻസസ് എന്ന നേട്ടം കൂട്ടി ഉൾപ്പെടുത്തിയിരിക്കുന്നു. സെൻസസ് എന്യുമറേറ്ററുടെ തിരിച്ചറിയൽ കാർഡ് ധരിച്ച ഭാഗ്യചിഹ്നങ്ങളുടെ കൈകളിൽ സെൻസസ് വിവരശേഖരണത്തിനുള്ള പ്രത്യേക ആപ്ലിക്കേഷൻ പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകളുമുണ്ട്. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന വ്യാപകമായ സെൻസസ് ബോധവത്കരണത്തിൽ ഈ ഭാഗ്യചിഹ്നങ്ങൾ പ്രധാന പങ്കുവഹിക്കും.

ജില്ലാതല ഉദ്യോഗസ്ഥരുടെ സെൻസസ് പരിശീലനം നേരത്തെ തന്നെ ജില്ലയിൽ പൂർത്തിയായിരുന്നു. ഇതിന് ശേഷം ഫീൽഡ് ട്രെയിനർമാരുടെ ത്രിദിന പരിശീലനം ഈയാഴ്ച നടന്നു. അടുത്തഘട്ടമായി മെയ് 28 മുതൽ ജൂൺ 23 വരെ എന്യൂമറേറ്റർമാരുടെയും സൂപ്പർവൈസർമാരുടെയും പരിശീലനം നടക്കും. തുടർന്ന് സംസ്ഥാനത്തുടനീളം ജൂലൈ ഒന്ന് മുതൽ 30 വരെ ഉദ്യോഗസ്ഥർ വീടുകളിലെത്തി ആദ്യഘട്ട വിവരശേഖരണം നടത്തും. വീടുകളുടെ വിവരങ്ങളും താമസക്കാരുടെ പൊതുവിവരശേഖരണവുമാണ് ഒന്നാം ഘട്ടത്തിൽ നടക്കുക. താമസയോഗ്യമായ എല്ലാ കെട്ടിടങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഈ ഘട്ടത്തിൽ ഉദ്യോഗസ്ഥർ ശേഖരിക്കും. ഇതിന് മുന്നോടിയായി ജൂൺ 16 മുതൽ 30 വരെ പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ നൽകാനാവുന്ന സെൽഫ് എന്യുമറേഷൻ സൗകര്യമൊരുക്കുന്നുണ്ട്. തുടർന്ന് അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരിക്കും ജനസംഖ്യാ കണക്കെടുപ്പ്.

പരമാവധിപ്പേർ സെൽഫ് എന്യുമറേഷൻ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ജില്ലാ സെൻസസ് ഓഫീസറായ എ.ഡി.എം എ ജയശ്രീ എന്നിവർ അഭ്യർത്ഥിച്ചു. വീടുകളിൽ സെൻസസ് ചുമതലയുള്ള ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിക്കുന്നതിന് പകരം പൊതുജനങ്ങൾക്ക് തങ്ങളുടെ കുടുംബത്തിന്റെ വിവരങ്ങൾ സ്വന്തമായി തന്നെ പ്രത്യേക പോർട്ടലിൽ നൽകാൻ കഴിയുന്ന സംവിധാനമാണ് സെൽഫ് എന്യുമറേഷൻ. ആദ്യ ഘട്ട വിവരശേഖരണം ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് സെൽഫ് എന്യുമറേഷൻ സൗകര്യം ആരംഭിക്കും. ഉദ്യോഗസ്ഥർ വീട്ടിലെത്തി വിവരശേഖരണം ആരംഭിക്കുന്നതിന് മുമ്പ് സെൽഫ് എന്യുമറേഷൻ സൗകര്യം അവസാനിക്കുകയും ചെയ്യും. കേരളത്തിൽ ജൂൺ 16 മുതൽ 30 വരെ പൊതുജനങ്ങൾക്ക് https://se.census.gov.in/ പോർട്ടലിൽ ലോഗിൻ ചെയ്ത് സ്വന്തം കുടുംബത്തിന്റെ വിവരങ്ങൾ നൽകാം.

മലയാളം ഉൾപ്പെടെ 16 ഭാഷകളിൽ സെൽഫ് എന്യുമറേഷൻ പോർട്ടൽ പ്രവർത്തിക്കും. കുടുംബനാഥനോ കുടുംബനാഥയ്‌ക്കോ അല്ലെങ്കിൽ അവർക്ക് വേണ്ടി ഏതെങ്കിലും കുടുംബാംഗത്തിനോ വിവരങ്ങൾ നൽകാം. പോർട്ടലിൽ പ്രവേശിച്ച് സംസ്ഥാനം തെരഞ്ഞെടുത്ത ശേഷം കുടുംബനാഥന്റെ പേരും മൊബൈൽ നമ്പറും നൽകണം. ഒരു മൊബൈൽ നമ്പർ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നൽകിയാൽ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം മാപ്പിൽ നിന്ന് തെരഞ്ഞെടുക്കണം. അതിന് ശേഷം വിവരശേഖരണത്തിനുള്ള സെൻസസ് ചോദ്യാവലി ദൃശ്യമാവും. കുടുംബാംഗങ്ങളുടെ പൊതുവായ വിവരങ്ങളും വീടിന്റെ അവസ്ഥയും വീട്ടിൽ ലഭ്യമായ സൗകര്യങ്ങളെയും കുറിച്ചുമുള്ള ലളിതമായ ചോദ്യങ്ങളാണുണ്ടാവുക. ഇവയ്ക്ക് കൃത്യമായ ഉത്തരം നൽകണം.

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി സെൽഫ് എന്യുമറേഷൻ പൂർത്തിയാക്കുമ്പോൾ 11 അക്ക ഐ.ഡി ലഭിക്കും. എസ്.എം.എസ് വഴിയും ഈ ഐ.ഡി ലഭ്യമാവും. സെൻസസ് ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ ഈ സെൽഫ് എന്യുമറേഷൻ ഐ.ഡി അവർക്ക് കൈമാറണം. ഉദ്യോഗസ്ഥർ വീടുകളിലെത്തിയുള്ള വിവര ശേഖരണത്തിനും പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിനാൽ ഇത്തവണത്തെ സെൻസസ് നടപടികളെല്ലാം പൂർണമായും കടലാസ് രഹിതമാണ്. വിവിധ തലങ്ങളിലെ ഏകോപനത്തിന് സെൻസസ് മാനേജ്‌മെന്റ് ആന്റ് മോണിട്ടറിങ് സിസ്റ്റം എന്ന പോർട്ടൽ ആണ് ഉപയോഗിക്കുന്നത്. ഉദ്യോഗസ്ഥരുടെ പരിശീലനം മുതൽ സെൻസസ് പ്രവത്തനങ്ങളുടെ ഓരോ ഘട്ടവും പൂർത്തീകരിക്കുന്നത് ഈ പോർട്ടലിലൂടെയായിരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *