അപ്രതീക്ഷിതമായി കാട്ടാനയ്ക്ക് മുന്നിൽപ്പെട്ടു, സ്കൂട്ടർ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആക്രമിച്ചു; ജെസ്സിയുടെ മരണത്തിൽ വിറങ്ങലിച്ച് നാട്
കൽപ്പറ്റ: വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾകൂടെ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത്. ഭർത്താവിനൊപ്പം സഞ്ചരിക്കവെയാണ് പുത്തുമല സ്വദേശിനി ജെസ്സിയെ കാട്ടാന ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും.
റോഡ് മുറിച്ചുകടക്കുകയായിരുന്ന ആനയ്ക്ക് മുന്നിൽ അപ്രതീക്ഷിതമായി ഇരുവരും അകപ്പെടുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ ഭർത്താവ് ഷാജിയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് സംഭവം. സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജെസ്സിയെ കാട്ടാന ആക്രമിച്ചതായാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഭർത്താവ് ഷാജി നിലവിൽ ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം പതിവാകുകയാണെന്നും, ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ നേരത്തെയും ആവശ്യപ്പെട്ടിരുന്നു.





Leave a Reply