31 വർഷത്തെ സേവനത്തിന് ശേഷം സബ് ഇൻസ്പെക്ടർ ഇ.കെ അബൂബക്കർ വിരമിച്ചു; നിരവധി പ്രമാദമായ കേസുകൾ തെളിയിച്ച വ്യക്തിത്വം
മാനന്തവാടി: 31 വർഷത്തെ സ്‌തുത്യർഹമായ സേവനത്തിന് ശേഷം സബ് ഇൻസ്പെക്ടർ ഇ.കെ അബൂബക്കർ പോലീസ് സർവ്വീസിൽ നിന്നും വിരമിച്ചു. ആദ്യം സി.ആർ.പി.എഫിൽ ആയിരുന്ന അബൂബക്കർ 1995 ലാണ് കേരള പോലീസിൽ ചേർന്നത്. സർവ്വീസ് കാലയളവിൽ ഒന്നര വർഷം സി.ബി.ഐ അറ്റാച്ച് ഡ്യൂട്ടിയും ചെയ്തിട്ടുള്ള ഇദ്ദേഹം നിലവിൽ വയനാട് എസ്.എം.എസ് എസ്.ഐ ആയിരിക്കെയാണ് സർവ്വീസിൽ നിന്നും പടിയിറങ്ങിയത്. മാനന്തവാടി എടവക സ്വദേശിയായ അബൂബക്കർ, ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പോയി പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിൽ മികവ് തെളിയിച്ചിട്ടുണ്ട്. മയക്കുമരുന്ന് മാഫിയയെ അമർച്ച ചെയ്യുന്നതിനും കുഴൽപണ കടത്തു തടയുന്നതിനും മോഷണമടക്കമുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി ഡി.ഐ.ജി, ഐ.ജി എന്നിവർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിലെ അംഗവുമായിരുന്നു ഇദ്ദേഹം. മികച്ച സേവനത്തിന് ഡി.ജി.പിയുടെ ബാഡ്‌ജ് ഓഫ് ഓണറുകളും നിരവധി ഗുഡ് സർവ്വീസ് എൻട്രികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കുപ്രസിദ്ധ കുറ്റവാളി ബണ്ടി ചോറിനെ കുടുക്കുന്നതിനായി അവൻ സഞ്ചരിച്ച വാഹനം പിന്തുടർന്ന് നിർണായക നീക്കം നടത്തിയത് അബൂബക്കറായിരുന്നു. കൂടാതെ, വിവിധ സംസ്ഥാനങ്ങളിൽ നിന്നും വാഹനമോഷണം നടത്തി വ്യാജ രജിസ്ട്രേഷനും രേഖകളും ഉണ്ടാക്കി വിൽപന നടത്തിയിരുന്ന റഹീം (വീരപ്പൻ റഹീം), വിവിധ സംസ്ഥാനങ്ങളിലായി 162ഓളം കേസുകളുള്ള ആളാഞ്ചേരി റിയാസ് എന്നിവരെ കണ്ടെത്തി അറസ്റ്റ് ചെയ്തതിലും ഇദ്ദേഹത്തിന് പങ്കുണ്ട്. 2014-ൽ വെള്ളമുണ്ട സ്‌റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസ്, പ്രമാദമായ വെള്ളമുണ്ട പൂരിഞ്ഞി ഇരട്ട കൊലപാതക കേസ് എന്നിവയിലെ പ്രതികളെ കണ്ടെത്തുന്നതിലും ഇദ്ദേഹം നിർണായക പങ്കുവഹിച്ചു. വിവിധ ജില്ലകളിൽ മോഷണം നടത്തിവന്ന ബുള്ളറ്റ് ശാലുവിനെ പിടികൂടിയതും, മൈസൂർ ജില്ലയിൽ നടന്ന ഹൈവേ കൊള്ളയിലെ പ്രതികളെയും തമിഴ്‌നാട് ഊട്ടിയിലെ ഹോംസ്റ്റേയിൽ നടന്ന കൊലപാതകത്തിലെ പ്രതികളെയും കണ്ടെത്തി അറസ്റ്റ് ചെയ്തതും ഇദ്ദേഹത്തിന്റെ സുപ്രധാന ഇടപെടലുകളിലൂടെയാണ്. വെള്ളമുണ്ടയിൽ മട്ടിലയത്ത് വീട്ടമ്മയുടെ കൈ വെട്ടി സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതികളെയും, കേരളം, തമിഴ്‌നാട്, കർണാടകയിലെ മംഗലാപുരം എന്നിവിടങ്ങളിൽ നിന്നും വാഹനങ്ങൾ മോഷ്ടിച്ച് അതിൽ മയക്കുമരുന്നും കുഴൽപ്പണവും കടത്തുകയും കവർച്ച നടത്തുകയും ചെയ്ത പ്രതികളെയും, വിവിധ മോഷണ-പിടിച്ചുപറി കേസുകളിലെ പ്രതിയായ ഷിബുവിനെയും കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിൽ ഇ.കെ അബൂബക്കർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.





Leave a Reply