ഖേത് ബച്ചാവോ അഭിയാന് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
കൽപ്പറ്റ: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ആത്മയുടെയും നേതൃത്വത്തില്‍ കല്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിക്കുന്ന കാര്‍ഷിക ബോധവത്കരണ പരിപാടി ഖേത് ബച്ചാവോ അഭിയാന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ ഉദ്ഘാടനം ചെയ്തു. കൃഷിയിടങ്ങള്‍ സംരക്ഷിക്കാം, കാര്‍ഷിക സമൃദ്ധിയിലേക്ക് മുന്നേറാം എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനുള്ള കൂട്ടായ പരിശ്രമമാണ് ഖേത് ബച്ചാവോ അഭിയാന്. കല്പറ്റ ബ്ലോക്കില്‍ ജൂണ്‍ ഒന്ന് മുതല്‍ 30 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൃഷിയിടങ്ങളുടെ സംരക്ഷണം, മണ്ണിന്റെ ആരോഗ്യ പരിപാലനം, ജലസംരക്ഷണം, പ്രകൃതി സൗഹൃദ കൃഷിരീതികളുടെ പ്രചാരണം, കാര്‍ഷിക ഉല്പാദന വര്‍ധനവ് എന്നിവ ലക്ഷ്യമിട്ടാണ് ഖേത് ബച്ചാവോ അഭിയാന് ക്യാമ്പയിന് നടപ്പിലാക്കുന്നത്. കൃഷിയിടങ്ങളുടെ സംരക്ഷണവും സുസ്ഥിര കാര്‍ഷിക വികസനവും ഉറപ്പാക്കുന്നതിനൊപ്പം കര്‍ഷകരുടെ വരുമാനവും ഉല്പാദനക്ഷമത വര്‍ധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ബോധവത്കരണ ക്ലാസുകള്‍, പരിശീലന പരിപാടികള്‍, കൃഷിയിട സന്ദര്‍ശനങ്ങള്‍, സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അരുണ്‍ദേവ്, സുരേഷ് ബാബു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ മുഹമ്മദ് ഷഫീഖ്, കൃഷി ഓഫീസര്‍മാര്‍ മറ്റു ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply