June 16, 2026

സെൻസസ് സെൽഫ് എന്യുമറേഷന് തുടക്കമായി; ജില്ലയിൽ ആദ്യദിനം തന്നെ പൂർത്തിയാക്കിയത് നിരവധിപ്പേർ

0
IMG_20260616_180016
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ദേശീയ സെൻസസിന്റെ ഭാഗമായ സെൻഫ് എന്യുമറേഷൻ നടപടികൾക്ക് തുടക്കമായി. ചരിത്രത്തിൽ ഇതാദ്യമായാണ് സെൻസസിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വന്തം വിവരങ്ങൾ സ്വമേധയാ നൽകാൻ കഴിയുന്ന സംവിധാനം ഒരുക്കിയത്. പൂർണമായി ഡിജിറ്റൽ മാർഗങ്ങളിലൂടെ നടത്തുന്ന ഇത്തവണത്തെ സെൻസസിന്റെ മുഖ്യ ആകർഷകവും സെൽഫ് എന്യുമറേഷൻ തന്നെയാണ്. ആദ്യ ദിനം തന്നെ ജില്ലയിൽ നിരവധിപ്പേരാണ് സ്വന്തം വിവരങ്ങൾ സെൻസസ് പോർട്ടലിൽ രേഖപ്പെടുത്തിയത്. ഒപ്പം വ്യാപകമായ ബോധവത്കരണ പ്രവർത്തനങ്ങൾക്കും ജില്ലയിൽ തുടക്കമായി. കളക്ടറേറ്റിൽ സെൻസസ് മാസ്റ്റർ ട്രെയിനർ കൂടിയായ ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ കെ.എസ്. ശ്രീജിത്ത് കളക്ടറേറ്റ് ജീവനക്കാർക്ക് സെൽഫ് എന്യുമറേഷൻ പരിചയപ്പെടുത്തി.

 

ഉദ്യോഗസ്ഥ‍ർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിന് പകരം പൊതുജനങ്ങൾക്ക് തങ്ങളുടെ വിവരങ്ങൾ സ്വമേധയാ സെൻസസ് വെബ് പോ‍ർട്ടലിൽ നൽകാൻ കഴിയുന്ന സംവിധാനമാണ് സെൽഫ് എന്യുമറേഷൻ. ഇത് നിർബന്ധമല്ലെങ്കിലും സാധ്യമാവുന്നത്ര പേർ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അഭ്യർത്ഥിച്ചു. സെൽഫ് എന്യുമറേഷൻ ചെയ്തു കഴിഞ്ഞാൽ പിന്നീട് അടുത്ത മാസം സെൻസസ് ഉദ്യോഗസ്ഥർ വീടുകളിലെത്തുമ്പോൾ വിവരങ്ങൾ നൽകേണ്ടതില്ല. പകരം സെൽഫ് എന്യുമറേഷൻ ഐ.ഡി ഉദ്യോഗസ്ഥർക്ക് കൈമാറിയാൽ മാത്രം മതിയാവും. രണ്ടാഴ്ച മാത്രമാണ് സ്വമേധയാ വിവരങ്ങൾ നൽകാൻ അവസരം ലഭിക്കുക. അതിന് ശേഷം ജൂലൈ ഒന്ന് മുതൽ എന്യൂമറേറ്റർമാ‍ർ ഓരോ വീടുകളിലും എത്തി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങും.

 

മൊബൈൽ ഫോണിൽ നിന്നോ കംപ്യൂട്ടറിൽ നിന്നോ https://se.census.gov.in/ എന്ന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താണ് വിവരങ്ങൾ നൽകേണ്ടത്. ആദ്യം സംസ്ഥാനം തെരഞ്ഞെടുക്കുക. തുടർന്ന് ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ പേര് നൽകണം. ഒരു മൊബൈൽ ഫോൺ നമ്പറും വേണം. ഒരും മൊബൈൽ ഫോൺ നമ്പ‍ർ ഒരു വീടിന്റെ വിവരങ്ങൾ നൽകാൻ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ശേഷം ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി കൂടി നൽകുന്നതോടെ അടുത്ത പടിയിലേക്ക് കടക്കാം. വീട് സ്ഥിതി ചെയ്യുന്ന ജില്ല തെരഞ്ഞെടുത്ത് വില്ലേജ്, ടൗൺ, സ്ഥലം എന്നിവ നൽകിയാൽ നിങ്ങളുടെ പ്രദേശത്തിന്റെ ഒരു ഭൂപടം ദൃശ്യമാവും. ഇതിൽ നിന്ന് വീട് നിലവിൽക്കുന്ന സ്ഥലം കൃത്യമായി തെരഞ്ഞെടുക്കണം. തുട‍ർന്നാണ് സെൻസസ് ചോദ്യങ്ങൾ ദൃശ്യമാവുക.

 

ആകെ 34 ചോദ്യങ്ങളാണ് സെൻസസ് വിവരശേഖരണത്തിനായുള്ളത്. ചോദ്യങ്ങൾ ഓരോന്നായി ദൃശ്യമാവും. ഒപ്പം അവയുടെ ഉത്തരങ്ങളുമുണ്ടാവും. അവയിൽ നിന്ന് ഓരോരുത്തരുടെയും വീടുമായി യോജിച്ചത് മാത്രം തെരഞ്ഞെടുത്താൽ മതിയാവും. വിവരങ്ങളെല്ലാം നൽകിക്കഴിഞ്ഞാൽ ഒരിക്കൽ കൂടി പരിശോധിക്കാനുള്ള അവസരം ലഭിക്കും. വേണമെങ്കിൽ കൊടുത്ത ഓപ്ഷനുകളിൽ മാറ്റം വരുത്താം. എല്ലാം ശരിയാണെങ്കിൽ മറുപടികൾ സെൻസസ് പോർട്ടലിലേക്ക് സമ‍ർപ്പിക്കാം. വിവരങ്ങൾ നൽകിക്കഴിയുന്നതോടെ 11 അക്ക സെൻഫ് എന്യുമറേഷൻ ഐ.ഡി ലഭിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *