മാനന്തവാടി ഗവ. മെഡിക്കൽ കോളജ് വികസനം: ജനകീയ കൂട്ടായ്മ രൂപീകരിച്ചു
മാനന്തവാടി: പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ജില്ലയ്ക്ക് ലഭിച്ച ഗവ. മെഡിക്കൽ കോളജിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി സജീവ ഇടപെടലുകൾ നടത്താനായി ജനകീയ കൂട്ടായ്മ നിലവിൽ വന്നു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ വിഭാഗം ആളുകളുടെയും സഹകരണം ഉറപ്പാക്കി മാനന്തവാടിയിലെ മെഡിക്കൽ കോളജ് ആശുപത്രികളുടെ പരാധീനതകൾ പരിഹരിക്കാനാണ് ശ്രമം. മെഡി. കോളജിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ ബഹുജന കൂട്ടായ്മ വിശദമായി ചർച്ച ചെയ്തു.
മെഡിക്കൽ കോളജിന് അടിസ്ഥാന സൗകര്യമൊരുക്കുമെന്ന ബജറ്റ് പ്രഖ്യാപനം പ്രതീക്ഷ നൽകുന്നതാണെന്ന് കൂട്ടായ്മ വിലയിരുത്തി. വയനാട് ഗവ. മെഡിക്കൽ കോളജിലേക്ക് സൂപ്പർ സ്പെഷ്യാലിറ്റി ഉൾപ്പെടെയുള്ള 15 തസ്തികകൾക്ക് കഴിഞ്ഞ എൽഡിഎഫ് സർക്കാർ അംഗീകാരം നൽകിയിരുന്നു. കാർഡിയോ തൊറാസിക് സർജൻ ഉൾപ്പെടെയുള്ള തസ്തികകൾ അനുവദിച്ചിരുന്നെങ്കിലും ജോലി ചെയ്യാൻ ആവശ്യമായ സൗകര്യങ്ങളോ അനുബന്ധ ജീവനക്കാരോ ഇവിടെയില്ല. വർഷങ്ങൾക്ക് മുൻപ് താലൂക്ക് ആശുപത്രിയിലെ ജീവനക്കാരും കിടക്ക സൗകര്യവും മാത്രമാണ് നിലവിലുള്ളത്. എന്നാലും ജില്ലയിൽ ഏറ്റവും കൂടുതൽ കിടക്ക സൗകര്യമുള്ള ആശുപത്രിയാണ് മാനന്തവാടിയിലേത്.
ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് എമർജൻസി മെഡിസിൻ സംവിധാനം, സ്ട്രോക്ക് യൂണിറ്റ് എന്നിവ ഒരുക്കേണ്ട ആവശ്യകത ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താനും കൂട്ടായ്മ തീരുമാനിച്ചു. സ്ഥലപരിമിതി മറികടക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കാനും കൺവെൻഷൻ തീരുമാനിച്ചു. നിലവിലെ പേ വാർഡിനോട് ചേർന്നുള്ള പൊലീസ് വകുപ്പിന്റെ 67 സെന്റ് സ്ഥലം ആരോഗ്യ വകുപ്പിന് ലഭിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങും. അമ്പുകുത്തിയിലെ സ്ഥലം കോളജ് വികസനത്തിനായി ഏറ്റെടുക്കാനുള്ള ശ്രമത്തിന് പിന്തുണ നൽകും. ഇതിനുവേണ്ടി ഉഷ വിജയൻ എംഎൽഎയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെയും ആരോഗ്യ മന്ത്രി കെ. മുരളീധരനെയും നേരിൽ കണ്ട് ചർച്ച നടത്തും. വയനാട് ഗവ. മെഡിക്കൽ കോളജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂട്ടായി പ്രവർത്തിക്കും.
പൊതുപ്രവർത്തകനായ റഷീദ് നീലാംബരി, അഭിഭാഷകൻ ഷെബിൻ ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബഹുജന കൂട്ടായ്മ വിളിച്ചുചേർത്തത്. സൂപ്രണ്ട് ഇൻചാർജ് ഡോ. മദുലാൽ, മുതിർന്ന ഫിസിഷ്യൻ ഡോ. എ. ഗോകുൽദേവ്, മുൻ എഡിഎം എം. ജെ. അഗസ്റ്റിൻ, മാനന്തവാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് മാവറ വർക്കി, റിട്ട. പ്രധാനാധ്യാപകൻ ബാബു ഫിലിപ്പ്, ഫാ. വർഗീസ് മറ്റമന, അബ്ദുൽ റഷീദ് പടയൻ, ഷോബിൻ സി. ജോണി, മാധ്യമപ്രവർത്തകൻ എ. ഷമീർ, ടി എ ഐസക് എന്നിവർ സംസാരിച്ചു.





Leave a Reply