വിദഗ്ധ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണം, വയനാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ഊർജ്ജിതമാക്കണം: മുസ്ലിം ലീഗ്
കൽപ്പറ്റ: മുൻ എൽഡിഎഫ് സർക്കാർ അവഗണിച്ച വയനാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ഊർജ്ജിതമാക്കണമെന്നും രോഗികളെ ചികിത്സിക്കാൻ വിദഗ്ധ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നും മാനന്തവാടി മുനിസിപ്പൽ മുസ്ലിം ലീഗ് നേതൃത്വ ക്യാമ്പ് ആവശ്യപ്പെട്ടു. മാനന്തവാടി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി. മൊയ്തു ഉദ്ഘാടനം ചെയ്തു.
വിദഗ്ധ ഡോക്ടർമാരുടെ അഭാവവും ജീവനക്കാരുടെ കുറവും മൂലം രോഗികൾക്ക് യഥാവിധിയുളള ചികിത്സ കിട്ടാത്ത അവസ്ഥയാണുള്ളത്. മുൻ എൽ ഡി എഫ് സർക്കാർ പൂർണ്ണമായും മെഡിക്കൽ കോളേജിനെ അവഗണിക്കുകയും രോഗികൾക്ക് ചികിത്സ ലഭിക്കാത്ത സ്ഥിതിഉണ്ടാക്കുകയുമാണ് ചെയ്തത്. ഇതിന് പരിഹാരം കാണാൻ യു ഡി.എഫ് സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
മുൻ സർക്കാർ മെഡിക്കൽ കോളേജിന്റെ സ്ഥലമെടുപ്പ് കാര്യത്തിൽ പോലും വേണ്ടത്ര ജാഗ്രത പാലിച്ചിട്ടില്ലെന്നും യു ഡി.എഫ് സർക്കാർ സ്ഥലമെടുപ്പ് വേഗത്തിലാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ വിവിധ പ്രതിസന്ധികളിലും പ്രശ്നങ്ങളിലും സ്വാർത്ഥ താൽപര്യങ്ങളില്ലാതെ ഇടപെടാനും ജനസേവന മനോഭാവത്തോടെ പ്രവർത്തിക്കാനും കഴിയുന്ന നേതൃത്വത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് പി.വി.എസ് മൂസ അദ്ധ്യക്ഷത വഹിച്ചു. അർഷാദ് ചെറ്റപ്പാലം, സി. കുഞ്ഞബ്ദുള്ള, അഡ്വകറ്റ് സിന്ധു സെബാസ്റ്റ്യൻ, ഹംസ ഇസ്മാലി, ഫൈസൽ പഞ്ചാരകൊല്ലി, ഫസലുറഹ്മാൻ, ഷമീർ എം എ, റസീന സിദ്ധീഖ്, കടവത്ത് ഷറഫുദ്ദീൻ, അഡ്വ.റഷീദ് പടയൻ, മൊയ്തുട്ടി കുഴിനിലം, റമീസ്, ശുഹദ്, സാബിത്ത് മഞ്ചേരി, അരുൺ കുമാർ തുടങ്ങിയവർ സംബന്ധിച്ചു.





Leave a Reply