സ്വകാര്യ ബസ് പ്രതിസന്ധി: വയനാട്ടിൽ നാളെ പണിമുടക്ക്
കൽപറ്റ: ജില്ലയിലെ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നാളെ (തിങ്കളാഴ്ച, ജൂൺ 29) സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളും സ്വകാര്യ ബസ് തൊഴിലാളി ട്രേഡ് യൂണിയനുകളും ചേർന്ന് സൂചനാ പണിമുടക്ക് നടത്തും. ഇതിന്റെ ഭാഗമായി രാവിലെ 10ന് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് സി.എ.ഐപ്പ്, ബസ് ഓപ്പറേറ്റേഴ്സ‌് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ.വി.പൗലോസ് എന്നിവർ അറിയിച്ചു. തുടർന്ന്, ലാഭകരമല്ലാത്ത സാഹചര്യത്തിൽ സർവീസുകൾ നിർത്തിവയ്ക്കുകയാണെന്ന് കാണിച്ച് അധികൃതർക്ക് സ്വകാര്യ ബസ് ഉടമകൾ ചേർന്ന് ജിഫോം സമർപ്പിക്കും. ജില്ലയിൽ സർവീസ് നടത്തുന്ന 400 സ്വകാര്യ ബസുകളിൽ 250 ൽ അധികം ബസുകൾ കഴിഞ്ഞ ദിവസങ്ങളിലായി ജിഫോം സമർപ്പിച്ചിരുന്നു. ശേഷിക്കുന്ന ബസുകൾ കൂടി നാളെ അധികൃതർക്കു ജിഫോം സമർപ്പിക്കുമെന്നും ഇവർ പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിക്കു ശേഷം ജില്ലയിലെ പല പ്രധാന റൂട്ടുകളിലും സ്വകാര്യ ബസുകളേക്കാൾ കൂടുതൽ കെഎസ്ആർടിസിയാണു സർവീസുകൾ നടത്തുന്നത്. ഇതു സ്വകാര്യ ബസ് മേഖലയെ കടുത്ത നഷ്ടത്തിലേക്ക് നയിച്ചിരിക്കുകയാണ്. താളൂർ-ബത്തേരി, ബത്തേരി-മാനന്തവാടി, കൽപറ്റ-മാനന്തവാടി, വടുവൻചാൽ-കൽപറ്റ, പടിഞ്ഞാറത്തറ-മാനന്തവാടി, നിരവിൽപുഴ, മാനന്തവാടി-ബാവലി, നമ്പ്യാർകുന്ന്-ബത്തേരി, പുൽപള്ളി-മാനന്തവാടി, ബത്തേരി-കൽപറ്റ-കോഴിക്കോട് എന്നീ പ്രധാന റൂട്ടുകളിലാണ് പ്രതിസന്ധി രൂക്ഷം. ഡീസൽ ചെലവും തൊഴിലാളികളുടെ വേതനവും ഉൾപ്പെടെയുള്ള ദൈനംദിന ചെലവുകൾ പോലും നടത്താൻ തുക കണ്ടെത്താനാവാതെ സ്വകാര്യ ബസ് ഉടമകൾ പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രശ്‌നത്തിന് സർക്കാർ അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ ജൂലൈ ഒന്നു മുതൽ ജില്ലയിലെ മുഴുവൻ സ്വകാര്യ ബസ് സർവീസുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.





Leave a Reply