മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ കോടതി വാറന്റ്
കൊച്ചി: വിവാദമായ വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രധാന പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചു. അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിധരിപ്പിച്ച് വയനാട്ടിൽ നിന്ന് അനധികൃതമായി മരം മുറിച്ചുകടത്തി എറണാകുളം അമ്പലമേടിലുള്ള ടിമ്പർ കമ്പനിക്ക് വിറ്റെന്ന പരാതിയിലാണ് കേസ്. വിശ്വാസവഞ്ചന കാണിച്ച് മരം വിൽപ്പന നടത്തിയെന്നും തന്നെ കബളിപ്പിച്ചെന്നും കാട്ടി കമ്പനി ഉടമ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഈ കേസ് നിലനിൽക്കില്ലെന്നും മരം മുറിച്ചുകടത്താൻ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും വാദിച്ച് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആ ആവശ്യം കോടതി തള്ളിയിരുന്നു. തുടർന്ന് കോടതിയിൽ നേരിട്ട് ഹാജരാകാത്തതിനെത്തുടർന്നാണ് മജിസ്ട്രേറ്റ് കോടതി ഇപ്പോൾ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേരളത്തിൽ ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച വയനാട് മുട്ടിൽ സൗത്ത് വില്ലേജിൽ കർഷകരുടെ കൈവശഭൂമിയിൽനിന്ന് കോടികൾ വിലമതിക്കുന്ന റോസ്വുഡ്, തേക്ക് തുടങ്ങിയ മരങ്ങൾ സർക്കാരിന്റെ അനുവാദമില്ലാതെ വെട്ടിക്കടത്തിയതാണ് കേസിന് ആധാരം. പട്ടയ ഭൂമിയിലെ കർഷകർ നട്ടുപിടിപ്പിച്ചതും സ്വയം വളർന്നതുമായ മരങ്ങൾ മുറിക്കാൻ അനുമതി നൽകിക്കൊണ്ട് 2020ൽ റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെ മറയാക്കിയാണ് പ്രതികൾ മരങ്ങൾ വെട്ടിമാറ്റിയത്. ഈ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തും വ്യാജരേഖകൾ ചമച്ചും നൂറ്റാണ്ടുകൾ പഴക്കമുള്ള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മരങ്ങളാണ് അഗസ്റ്റിൻ സഹോദരന്മാരുടെ നേതൃത്വത്തിൽ കടത്തിയത്.
കേസിൽ പൊലീസ്, റവന്യൂ, വനം വകുപ്പുകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുകയും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി കുറ്റപത്രത്തോടൊപ്പം മരങ്ങളുടെ ഡി.എൻ.എ പരിശോധനാ ഫലങ്ങൾ ഉൾപ്പെടുത്തിയത് ഈ കേസിലാണ്. അതേസമയം മരംമുറിക്കൽ സംഘത്തിന്റെ കെണിയിൽപ്പെട്ട് വഞ്ചിക്കപ്പെട്ട പാവപ്പെട്ട കർഷകർക്ക് പിന്നീട് റവന്യൂ വകുപ്പ് ലക്ഷക്കണക്കിന് രൂപ പിഴ ഈടാക്കിക്കൊണ്ട് നോട്ടിസ് അയച്ചത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. മുഖ്യപ്രതികൾ രക്ഷപ്പെടുകയും സാധാരണക്കാരായ കർഷകർ ബുദ്ധിമുട്ടിലാകുകയും ചെയ്തു എന്ന ആക്ഷേപവും കേസിൽ നിലനിൽക്കുന്നുണ്ട്.





Leave a Reply