പുൽപ്പള്ളിയിൽ കാപ്പി ഗവേഷണ സാങ്കേതിക സെമിനാർ സംഘടിപ്പിച്ചു
പുൽപ്പള്ളി: കോഫി ബോർഡ്, കേരളം റീജിയന്റെ നേതൃത്വത്തിൽ “കാപ്പി ഗവേഷണത്തിലും സാങ്കേതികവിദ്യകളിലുമുള്ള ഏറ്റവും പുതിയ നൂതന ആശയങ്ങൾ” എന്ന വിഷയത്തിൽ പുൽപ്പള്ളി സോണിൽ സെമിനാർ സംഘടിപ്പിച്ചു. കാപ്പി കർഷകരെയും ബന്ധപ്പെട്ട മേഖലയിലെ വിവിധ വിഭാഗങ്ങളെയും കാപ്പി ഗവേഷണം, ഉൽപ്പാദന സാങ്കേതികവിദ്യകൾ, ഗുണനിലവാര വർധന, വിളവെടുപ്പിനുശേഷമുള്ള പരിപാലനം തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ ശാസ്ത്രീയ മുന്നേറ്റങ്ങളുമായി പരിചയപ്പെടുത്തുക എന്നതായിരുന്നു സെമിനാറിന്റെ പ്രധാന ലക്ഷ്യം.
കോഫി ബോർഡ് ജോയിൻ്റ് ഡയറക്ടർ ഡോ. എം. കറുത്തമണി അധ്യക്ഷത വഹിച്ച സെമിനാർ കോഫി ബോർഡ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ. എം. സെന്തിൽ കുമാർ ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി എസ്.എൽ.ഒ. എസ്. സുരേന്ദ്രൻ സ്വാഗതവും എ.ഇ.ഒ. മിഥുൻലാൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ മുൻ കോഫി ബോർഡ് അംഗങ്ങളായ അരിമുണ്ട സുരേഷ്, കെ.കെ. മനോജ് കുമാർ, വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രതിനിധികളായ അനൂപ് പാലുകുന്ന്, അലി ബ്രാൻ, സൗത്ത് ഇന്ത്യ കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ജെ. ദേവസ്യ, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസ്സി സാബു, ഡെപ്യൂട്ടി ഡയറക്ടർ ബസവരാജ് എം. ചുളക്കി, ചുണ്ടേൽ പ്രാദേശിക കാപ്പി ഗവേഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ റിസർച്ച് ഡോ. അത്തിഖുർ റഹ്മാൻ ബോറ, വനമൂലിക ഡയറക്ടർ ചാക്കോച്ചൻ, കേര പ്രോജക്റ്റ് പ്രതിനിധി എസ്. സന്തോഷ് എന്നിവർ സംസാരിച്ചു.
കാപ്പി ഉൽപ്പാദനം, തൈകളുടെ പ്രജനനം, ഗുണനിലവാരം, വിളവെടുപ്പിനുശേഷമുള്ള പരിപാലനം തുടങ്ങിയ വിഷയങ്ങളിലായിരുന്നു സാങ്കേതിക സെഷനുകൾ നടന്നത്. സി.സി.ആർ.ഐ. ഡിവിഷണൽ ഹെഡ് ഡോ. ജീന ദേവസ്യ ക്ലോണൽ പ്രൊപ്പഗേഷൻ, PPV&FRA, DUS തുടങ്ങിയ വിഷയങ്ങളിലും ആധുനിക പ്രജനന സാങ്കേതികവിദ്യകളെക്കുറിച്ചും ക്ലാസ് നയിച്ചു. ഡോ. ചേതൻ ജെ. ആധുനിക കാപ്പി സാങ്കേതികവിദ്യകളെക്കുറിച്ച് സാങ്കേതിക അവതരണം നടത്തി. കാപ്പിയുടെ കപ്പ് ഗുണനിലവാരവും കപ്പിംഗ് സ്കോർ -ഉം എന്ന വിഷയത്തിൽ കോഫി ക്വാളിറ്റി ഡിവിഷനിലെ ഡോ. സന്ദീപ് പി.എം. സംസാരിച്ചു. വിളവെടുപ്പിനുശേഷമുള്ള കാപ്പി പരിപാലനം, സംസ്കരണം, സംഭരണം എന്നിവയിൽ പാലിക്കേണ്ട ശാസ്ത്രീയ രീതികളെക്കുറിച്ച് എസ്.എൽ.ഒ. എസ്. സുരേന്ദ്രൻ വിശദീകരിച്ചു.
കാപ്പി കർഷകർ, ഗവേഷകർ, കോഫി ബോർഡ് ഉദ്യോഗസ്ഥർ, കർഷക സംഘടനാ പ്രതിനിധികൾ എന്നിവരുടെ മികച്ച ആശയവിനിമയ വേദിയായി മാറിയ സെമിനാർ, വയനാട്ടിലെ കാപ്പി കൃഷിമേഖലയിൽ ഉൽപ്പാദനക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.





Leave a Reply