ആഡംബര കാറിലെ രഹസ്യ അറയിൽ 13 കിലോയോളം എംഡിഎംഎ; വയനാട് സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ
മലപ്പുറം: ആഡംബര വാഹനത്തിൽ രഹസ്യ അറയുണ്ടാക്കി സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച 12.800 കിലോഗ്രാം എംഡിഎംഎയുമായി വയനാട് സ്വദേശി ഉൾപ്പെടെ മൂന്നംഗ സംഘം പിടിയിലായി. വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരിൽ വച്ച് പിടികൂടിയത്. സംസ്ഥാന പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്.
ആഴ്ചകൾക്ക് മുൻപ് മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്ന് 100 ഗ്രാം എംഡിഎംഎയുമായി ആറുപേരടങ്ങുന്ന സംഘത്തെ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് വൻ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. തുടർന്ന് തമിഴ്നാട്ടിലെ കോയമ്പത്തൂർ, പഴനി, കൊടൈക്കനാൽ തുടങ്ങിയ ഇടത്താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ കോയമ്പത്തൂർ ടൗണിന് സമീപത്തു വച്ചാണ് പ്രതികൾ വലയിലായത്. 100 ഗ്രാം മുതൽ 500 ഗ്രാം വരെയുള്ള പാക്കറ്റുകളിലാക്കി കാറിന്റെ ഡോർ പാഡുകൾക്കുള്ളിലെ രഹസ്യ അറയിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തുന്ന വൻ സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.





Leave a Reply