September 24, 2026

ബാണാസുരയുടെ മടിത്തട്ടിൽ നെൽച്ചെടികൾ കരിഞ്ഞുണങ്ങുന്നു; വെള്ളമുണ്ടയിൽ കനാൽ ജലം എത്തിക്കണമെന്ന ആവശ്യവുമായി പാലിയാണ പൗരസമിതി

0
IMG_20260924_094806
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: ബാണാസുരസാഗർ ഡാമിന്റെ ജലസംഭരണിയോട് ചേർന്നു കിടക്കുന്ന വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ നഞ്ചകൃഷി കരിഞ്ഞുണങ്ങി നശിക്കുന്ന പശ്ചാത്തലത്തിൽ, ഡാമിൽ നിന്ന് പ്രദേശത്തേക്ക് ജലസേചന കനാലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നിർമിച്ച് വെള്ളമെത്തിക്കണമെന്ന് പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു. വാരാമ്പറ്റ, അത്തികൊല്ലി, ചെറുകര, വാളുമുക്കി, കോളികുണ്ട്, പാലിയാണ, കക്കടവ്, കരിങ്ങാരി, കൊമ്മയാട് തുടങ്ങി പഞ്ചായത്തിലെ പ്രധാന പാടശേഖരങ്ങളിലാണ് ജലദൗർലഭ്യം മൂലം കൃഷി നശിക്കുന്നത്. സാധാരണഗതിയിൽ നഞ്ചകൃഷിക്ക് വെള്ളത്തിന് ക്ഷാമം നേരിടാറില്ലെന്നിരിക്കെ, നിലവിലെ സാഹചര്യം കർഷകരെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്.

 

പതിറ്റാണ്ടുകൾക്ക് മുൻപ് ബാണാസുരസാഗറിൽ നിന്നുള്ള ജലം കൃഷിയിടങ്ങളിലെത്തിക്കാൻ പുതുശ്ശേരികടവ് വരെയുള്ള കനാൽ നിർമാണം പുരോഗമിച്ചിരുന്നെങ്കിലും, മണ്ണിടിഞ്ഞ് തൊഴിലാളികൾ മരണപ്പെട്ടതിനെ തുടർന്ന് പ്രവൃത്തികൾ നിർത്തിവെക്കുകയായിരുന്നു. തുടർന്ന് സർവേ നടപടികളും അതിരുതിരിക്കലും നടന്നുവെങ്കിലും വർഷങ്ങളായി നിർമാണപ്രവർത്തനങ്ങളെല്ലാം പൂർണമായി നിലച്ച മട്ടിലാണ്. നിലവിൽ കക്കടവിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വഴി പമ്പിംഗ് നടത്തുന്നുണ്ടെങ്കിലും വിശാലമായ കക്കടവ്, കരിങ്ങാരി പാടശേഖരങ്ങളിലേക്ക് ആവശ്യത്തിന് വെള്ളമെത്തിക്കാൻ കഴിയാത്തത് കർഷകർ തമ്മിൽ വാക്കുതർക്കങ്ങൾക്കും ഇടയാക്കുന്നുണ്ട്.

 

പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരങ്ങളായ പാലിയാണ, കക്കടവ്, കരിങ്ങാരി, കൊമ്മയാട് എന്നിവിടങ്ങളിലെ കൃഷി സംരക്ഷിക്കാൻ ബാണാസുരസാഗറിൽ നിന്നുള്ള കനാൽ ജലം മാത്രമാണ് ഏക പോംവഴി. മുൻപ് മേഖലയിലെ കർഷക കുടുംബങ്ങൾക്ക് രക്ഷാകവചമായിരുന്ന പുതുശ്ശേരി, കക്കടവ് പുഴകളെ, ഇന്ന് മഴക്കാലത്ത് ഡാമിലെ അധികജലം ഒഴുക്കിക്കളയാനുള്ള മാർഗം മാത്രമായാണ് അധികൃതർ ഉപയോഗിക്കുന്നത്. ഡാം നിർമാണഘട്ടത്തിൽ കാർഷിക ആവശ്യങ്ങൾക്കായി നിശ്ചിത ശതമാനം ജലം നൽകുമെന്ന ഭരണകൂടത്തിന്റെ ഉറപ്പ് പാലിക്കാൻ അധികൃതർ തയ്യാറാകണമെന്ന് നൂറുകണക്കിന് കർഷക കുടുംബങ്ങൾ ആവശ്യപ്പെടുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *