മലങ്കരക്കുന്ന് പള്ളിയിൽ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു
ബത്തേരി: മലബാറിലെ ആദ്യ ദൈവാലയമായ മലകരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു. ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിലായി നടന്ന പെരുന്നാൾ ചടങ്ങുകളിൽ അനുഗ്രഹം പ്രാപിക്കാൻ നിരവധി വിശ്വാസികളാണ് എത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കൊടിയേറ്റത്തോടെ തുടക്കമായ ചടങ്ങുകൾക്ക് പിന്നാലെ ‘സേബൽത്തോ 2K26’ സുവിശേഷഗാന സായാഹ്നവും നടന്നു. വൈകുന്നേരം 5:30-ന് മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നൽകിയതിനെ തുടർന്ന് സന്ധ്യാപ്രാർത്ഥനയും പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ നാമത്തിലുള്ള കോളിയാടി കുരിശിങ്കലേക്ക് വർണ്ണാഭമായ പ്രദക്ഷിണവും സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
പെരുന്നാളിന്റെ പ്രധാന ദിനമായ ശനിയാഴ്ച രാവിലെ 8:30-ന് അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിലും ഫാ. പി.സി. പൗലോസ് പുത്തൻപുരയ്ക്കൽ, ഫാ. ബേബി പൗലോസ് ഓലിയ്ക്കൽ എന്നിവരുടെ സഹകാർമ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന അർപ്പിക്കപ്പെട്ടു. തുടർന്ന് മധ്യസ്ഥ പ്രാർത്ഥന, പ്രസംഗം, കബറിങ്കൽ ധൂപപ്രാർത്ഥന, പരിശുദ്ധ ബാവയുടെ തിരുശേഷിപ്പ് വണക്കം എന്നിവയും നടന്നു.
വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള താഴെ കുരിശിങ്കലേക്ക് നടന്ന പ്രദക്ഷിണത്തിൽ ഒട്ടേറെ വിശ്വാസികൾ പങ്കെടുത്തു. സെമിത്തേരിയിൽ ധൂപപ്രാർത്ഥന, ആശീർവാദം, നേർച്ചഭക്ഷണം, ലേലം എന്നിവയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് കൊടിയിറക്കലോടെ പെരുന്നാൾ ചടങ്ങുകൾ സമാപിച്ചു. പള്ളി വികാരി ഫാ. ഷൈജൻ കുര്യാക്കോസ് മറുതല, ട്രസ്റ്റിമാരായ പൗലോസ് പഴമ്പിള്ളിൽ, ഗീസ് തേനുങ്കൽ, സെക്രട്ടറി തോമസ് മുണ്ടക്കൽ, ജോയിന്റ് സെക്രട്ടറിമാരായ പൈലി മോളത്ത്, ബിജു കാഞ്ഞിരത്തിങ്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.




Leave a Reply