കന്നാരം പുഴയും പരിസരവും ശുചീകരിച്ച് കുട്ടിപ്പോലീസ്
പുൽപ്പള്ളി: വനം-വന്യജീവി വാരാചരണത്തോടനുബന്ധിച്ച് കാപ്പിസെറ്റ് മുതലിമാരൻ മെമ്മോറിയൽ ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി ) യൂണിറ്റിന്റെ നേതൃത്വത്തിൽ കന്നാരം പുഴയും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ജലസ്രോതസ്സുകൾ സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചത്.
വിദ്യാർത്ഥികൾ പുഴയിലും സമീപ പ്രദേശങ്ങളിലും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്ത് തീരപ്രദേശം ശുചിയാക്കി. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനും പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വബോധം വളർത്താനും ഇത്തരം കൂട്ടായ്മകൾ വഴി സാധിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
ശുചീകരണ പ്രവർത്തനങ്ങൾക്ക് എസ്പിസി കേഡറ്റുകൾക്കൊപ്പം അധ്യാപകരായ ബൈജു പി.ജെ, ശാലിനി ടി.സി, വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.സി അഷ്റഫ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.സി ശിവരാമൻ, റെൽജു വർഗീസ് എന്നിവർ നേതൃത്വവും പിന്തുണയും നൽകി.




Leave a Reply