നരേന്ദ്രമോദി ഭരണത്തിന്റെ 25-ാം വാർഷികം: ബി.ജെ.പി വയനാട് ജില്ലാ കമ്മിറ്റി ‘സേവാജ്യോതി യാത്ര’ സംഘടിപ്പിച്ചു
കൽപ്പറ്റ: നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റതിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സേവാജ്യോതി യാത്ര’ എന്ന പേരിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. കാക്കവയൽ ജവാൻ സ്മൃതിമണ്ഡപത്തിൽ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ പുഷ്പാർച്ചന നടത്തി റാലി ഉദ്ഘാടനം ചെയ്‌തു. തുടർന്ന് കൽപ്പറ്റ നഗരത്തിലൂടെ നടത്തിയ ബൈക്ക് റാലി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്ത സമാപനയോഗത്തിൽ 170 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് നമനേഷ് സായലിന് അഭിവാദ്യം അർപ്പിച്ചു. പ്രവർത്തകരുടെ സന്തോഷസൂചകമായി ഉണ്ണിയപ്പം വിതരണം ചെയ്തും വികസിത ഭാരതത്തിനായി സത്യവാചകം ചൊല്ലിയുമാണ് ചടങ്ങുകൾ സമാപിച്ചത്. സമാപനയോഗത്തിന് മുന്നോടിയായി, ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച വലിയ സ്ക്രീനിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പരിപാടി പ്രവർത്തകർ തത്സമയം വീക്ഷിച്ചിരുന്നു.




Leave a Reply