October 29, 2026

പുനരധിവാസം നിർത്തി യുഡിഎഫ് സർക്കാർ പാവങ്ങളെ കൈയ്യൊഴിയുന്നു; ബിനോയ് വിശ്വം

0
WhatsApp Image 2026-10-28 at 8.12.39 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട്ടിലെ ദുരന്തബാധിതർക്ക് വീടും പുനരധിവാസവും ഉറപ്പാക്കുന്നതിൽ മുൻ എൽഡിഎഫ് സർക്കാർ മാതൃകാപരമായി ഇടപെട്ടപ്പോൾ, പിന്നീട് അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ പുനരധിവാസ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് പാവങ്ങളെ കൈയൊഴിഞ്ഞുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

മുൻ എൽഡിഎഫ് സർക്കാർ രാവും പകലും പ്രവർത്തിച്ച് വീട് നഷ്ടപ്പെട്ടവർക്ക് പുതിയ ഭവനങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോൺഗ്രസ് പാർട്ടി ഫണ്ട് പിരിവുമായി ബന്ധപ്പെട്ട തർക്കങ്ങളും പ്രശ്നങ്ങളും കാരണം യുഡിഎഫ് സർക്കാർ ഈ പ്രവർത്തനങ്ങൾ പെട്ടെന്ന് അവസാനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വീട് നഷ്ടപ്പെട്ട മുഴുവൻ പേർക്കും എത്രയും പെട്ടെന്ന് വീടുകളും വാടകയും മറ്റ് ആനുകൂല്യങ്ങളും നൽകി പുനരധിവസിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായി ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വയനാടിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ച് സിപിഐ ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയുടെ യാഥാർത്ഥ്യങ്ങളെയും സംരക്ഷണത്തെയും പാർട്ടി മാനിക്കുമ്പോഴും മനുഷ്യനും പ്രകൃതിക്കും ഇടയിൽ സംഘർഷമുണ്ടാകുമ്പോൾ മനുഷ്യന്റെ ജീവൽപ്രശ്നങ്ങൾക്കും നിലനിൽപ്പിനുമാണ് പാർട്ടി എന്നും മുൻഗണന നൽകുന്നതെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി ബദൽപാതയും തുരങ്കപാതയും പോലുള്ള വികസന പദ്ധതികൾ അത്യാവശ്യമാണെന്നും എന്നാൽ അത് യാതൊരു ദുരന്തത്തിനും ഇടയാക്കാതെ ശാസ്ത്രീയ പഠനങ്ങളുടെയും ജാഗ്രതയുടെയും അടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്നും പാർട്ടി കരുതുന്നതായും അദ്ദേഹം പറഞ്ഞു.

കർഷകരുടെയും യുവജനങ്ങളുടെയും തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും എല്ലാ അവകാശങ്ങൾക്കും ജീവിതപ്രശ്നങ്ങൾക്കും ഒപ്പം കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും ഉറച്ചുനിൽക്കുമെന്നും ജനങ്ങൾക്കൊപ്പം നിന്ന് സമരങ്ങൾ വിജയിപ്പിക്കുന്നതുവരെ പോരാട്ടപഥത്തിൽ ചെങ്കൊടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *