November 13, 2026

വന്യജീവി ആക്രമണം ലഘൂകരിക്കാൻ വനം വകുപ്പിന്റെ സൗരോർജ്ജ വിളക്കുകൾ

0
WhatsApp Image 2026-11-12 at 4.12.51 AM (1)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വന്യജീവി ആക്രമണ ഭീതി നേരിടുന്ന വനാതിർത്തി ഗ്രാമങ്ങൾക്ക് ആശ്വാസമായി വനം വകുപ്പിന്റെ സൗരോർജ്ജ തെരുവ് വിളക്കുകൾ. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിച്ച് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നോർത്ത് വയനാട് വനം ഡിവിഷന്റെ നേതൃത്വത്തിൽ മാനന്തവാടി റാപ്പിഡ് റസ്‌പോൺസ് ടീമും കീ സ്റ്റോൺ ഫൗണ്ടേഷനും കൈകോർത്താണ് പദ്ധതി നടപ്പാക്കിയത്. രാത്രികാലങ്ങളിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് പ്രദേശവാസികൾക്ക് വലിയ വെല്ലുവിളിയായിരുന്നു. വെളിച്ചക്കുറവ് കാരണം വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിയാത്തത് പലപ്പോഴും അപകടങ്ങൾക്ക് കാരണമായ സാഹചര്യത്തിലാണ് വന്യജീവി സംഘർഷ സാധ്യത കൂടുതലുള്ള പ്രദേശങ്ങൾ കണ്ടെത്തി വനംവകുപ്പ് സൗരോർജ്ജ തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. ബേഗൂർ, മാനന്തവാടി, പേര്യ റെയ്ഞ്ചുകളിലെ അറവനാഴി, പനവല്ലി, അവരമൂല, എമ്മടി, ഷാണമംഗലം, ബാവലി, മാനിവയൽ, മുത്തുമാരി, തച്ചറക്കൊല്ലി, കുമ്പന്നൂർ, പഞ്ചാരക്കൊല്ലി, പണിയൻകുഴി മല, മൈലറ്റുമല, പെരിഞ്ചേരിമല, കോട്ടയിൽ എന്നീ പതിനഞ്ചോളം ഇടങ്ങളിലാണ് സോളാർ വിളക്കുകളാൽ സുരക്ഷ ഉറപ്പാക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കി വന്യമൃഗ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ഗ്രാമതല യോഗങ്ങൾ ചേർന്ന് സൗരോർജ്ജ തെരുവ് വിളക്കുകളുടെ ദീർഘകാല പരിപാലനം വനംവകുപ്പ് ഉറപ്പാക്കും. വൈദ്യുതി തടസങ്ങൾ ബാധിക്കാത്ത സൗരോർജ്ജ വിളക്കുകൾ സ്ഥാപിച്ചതോടെ രാത്രികാല യാത്രകൾ കൂടുതൽ സുരക്ഷിതമായതിന്റെ ആശ്വാസത്തിലാണ് വനാതിർത്തിയിലെ നാട്ടുകാർ. വന്യജീവി പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ ഒന്നിക്കുന്നതിന്റെ മികച്ച മാതൃകയായി പദ്ധതി മാറുകയാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *