കാലവർഷത്തെ നേരിടാന്‍ ജില്ല സുസജ്ജം
കൽപ്പറ്റ: കാലവർഷത്തെ നേരിടാന്‍ ജില്ല സുസജ്ജം. മുൻകാലങ്ങളിൽ വെള്ളം കയറിയതും മണ്ണിടിച്ചിൽ ഉണ്ടായതുമായ പ്രദേശങ്ങൾക്ക് മുൻഗണന നൽകി സുരക്ഷ ഉറപ്പാക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഒഴിപ്പിക്കൽ, രക്ഷാപ്രവർത്തനം, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം എന്നിവ ഏകോപിപ്പിക്കാൻ സംവിധാനം ഒരുക്കി. ആദിവാസി കോളനികൾക്ക് പ്രത്യേക പരിഗണന നൽകിയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. കാലവർഷം ശക്തമായാൽ ഒറ്റപ്പെടുന്ന നൂറിലധികം കോളനികള്‍ ജില്ലയിലുണ്ട്. ഇവിടങ്ങളിൽ അടിയന്തര ഇടപെടൽ നടത്താനുള്ള പദ്ധതികളും ആവിഷ്കരിച്ചു. വെള്ളം കയറുന്ന പ്രദേശങ്ങളില്‍ കഴിയുന്നവർക്കും കുന്നിൻപ്രദേശങ്ങളിൽ താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിർദേശം നൽകി.
മേപ്പാടി, വൈത്തിരി, പൊഴുതന, പടിഞ്ഞാറത്തറ, തൊണ്ടർനാട്, പനമരം പഞ്ചായത്തുകളെ അപകടസാധ്യതാ പ്രദേശങ്ങളായാണ് വിലയിരുത്തുന്നത്. പൊഴുതനയിലെ കുറിച്യാർമല, മേപ്പാടിയിലെ മുണ്ടക്കൈ, പുത്തുമല, വൈത്തിരിയിലെ ചില പ്രദേശങ്ങൾ എന്നിവയെല്ലാം മണ്ണിടിച്ചിൽ സാധ്യതയുള്ളവയാണ്. ഇത്തരം പ്രദേശങ്ങളും ദുരന്തനിവാരണസേന പ്രത്യേകം നിരീക്ഷിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി താലൂക്ക്തലത്തിൽ ചാർജ് ഓഫീസർമാരെ നിയമിച്ചു. വൈത്തിരി താലൂക്കിൽ എൽആർ ഡെപ്യൂട്ടി കലക്ടറെയും മാനന്തവാടി താലൂക്കിൽ എൽഎ ഡെപ്യൂട്ടി കലക്ടറെയും ബത്തേരി താലൂക്കിൽ എൽആർ സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടറെയുമാണ് നിയോഗിച്ചത്. ഇവര്‍ താലൂക്ക്തല യോഗങ്ങള്‍ ചേര്‍ന്ന് മഴക്കാല മുന്നൊരുക്കം വിലയിരുത്തി.






Leave a Reply