സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചരണം; ഫാത്തിമ ആശുപത്രി പോലിസിൽ പരാതി നൽകി
കല്‍പ്പറ്റ: കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ പള്ളിക്കുന്ന് സ്വദേശി ആന്റണിയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിലൂടെ നടന്നത് വ്യാജ പ്രചാരണമാണെന്നും ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയതായും കൽപ്പറ്റ ഫാത്തിമ മാതാ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇടതുകാലിലെ മുറിവിന് ചികിത്സ തേടി ഫാത്തിമ ആശുപത്രിയിലെത്തിയ രോഗിയുടെ വലതുകാലിന് ഇന്ജക്ഷന് നല്‍കിയെന്നും ഇത് കാല് തളര്‍ന്നുപോകുന്നതിനും പിന്നീട് മറ്റൊരു ആശുപത്രിയില്‍ മുറിച്ചുമാറ്റേണ്ടതിനും വൈകാതെ മരണത്തിനും കാരണമായെന്നാണ് സമൂഹമാധ്യമത്തില്‍ പ്രചരിച്ചത്. കാല് മാറി ഇന്ജക്ഷന് നല്കിയതു സംബന്ധിച്ച് ആശുപത്രി അധികൃതര്‍ പ്രതികരിച്ചില്ലെന്നും പ്രചാരണം നടന്നു.
പ്രചാരണത്തില്‍ പരാമര്‍ശിക്കുന്ന രോഗി രണ്ടു മാസം മുമ്പ് ഹൃദയസംബന്ധമായ ചികിത്സയ്ക്കാണ് ഫാത്തിമ ആശുപത്രിയില്‍ എത്തിയത്. കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രമേഹത്തിനു ചികിത്സയിലിരിക്കെ ഇ.സി.ജിയിലെ വ്യതിയാനം കണ്ട് ഡോക്ടര്‍ റഫര്‍ ചെയ്തതുപ്രകാരമാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാമിനു വിധേയനാക്കിയ രോഗിയുടെ കാലില്‍ സ്കാനിംഗില്‍ ബ്ലോക്കുകള്‍ കണ്ടെത്തി. ഇതിനു ചികിത്സിച്ചെങ്കിലും ബ്ലോക്കുകള്‍ നീങ്ങിയില്ല. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വിദഗ്ധ ചികിത്സയ്ക്കു കോഴിക്കോടിനു വിട്ടത്. രോഗിയുടെ വലതുകാലില്‍ ഈ സമയം വ്രണം ഉണ്ടായിരുന്നു. ചികിത്സയ്ക്കുശേഷം ആശുപത്രിയില്‍നിന്നു പോയ രോഗിയോ ബന്ധുക്കളോ ഇതുവരെ പരാതിയുമായി സമീപിച്ചിട്ടില്ല. രോഗിക്ക് കാല് മാറി ഇന്ജക്ഷന് നല്‍കിയെന്ന പ്രചാരണത്തിനു പിന്നില്‍ ഫാത്തിമ ആശുപത്രിയുടെ സത്പേരിനു കളങ്കം വരുത്തുകയെന്ന ഗൂഢ താത്പര്യമാണ്. കുപ്രചാരണത്തിനെതിരെ പോലീസ് സ്റ്റേഷനു പുറമേ സൈബര്‍ പോലീസ് സെല്ലിലും പരാതി നല്‍കിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.





Leave a Reply