സ്ത്രീധനം ഒരു ദുരാചാരം: സ്ത്രീയാണ് ധനം; അവളെ സ്നേഹിക്കുക
മാനന്തവാടി: ചുറ്റുമുള്ളവർ എന്ത് പറയും എന്ന ചിന്തയാണിന്ന് എല്ലാവരിലും കണ്ടുവരുന്നത്. അത് സ്ത്രീധനത്തിൻ്റെ കാര്യത്തിൽ മാത്രമല്ല, എന്നാലോ ജീവിതത്തിൻ്റെ എല്ലാ തലങ്ങളിലും എല്ലാവരുടെയും മനസ്സിൽ ഉയരുന്ന ഏറ്റവും വലുതും കഠിനവുമായ ചോദ്യമാണിത്. ഈ ചോദ്യം പലപ്പോഴും നിയമത്തിൻ്റെ ഭയത്തെ പോലും മറികടക്കാൻ സഹായിക്കുവാൻ ഉത്തകുന്നത്ര ശക്തമാണ്. ചുരുക്കത്തിൽ സ്ത്രീധനം കൊടുക്കുന്നതിനെയും വാങ്ങുന്നതിനെയും യഥാർത്ഥത്തിൽ അനുകൂലിക്കുന്നവരല്ല, പിന്നെയോ ചുറ്റുമുള്ളവരുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിനും കുടുംബത്തിൻ്റെയും പെൺകുട്ടിയുടെയും അന്തസ്സിനെ എടുത്ത് കാണിക്കുന്നതിനും വേണ്ടി മാത്രമാണ് പലരും ഈ രീതി പിന്തുടരുന്നത്.
‘ഞങ്ങൾക്ക് സ്ത്രീധനമൊന്നും വേണ്ട, കുട്ടിയെ മാത്രം മതി! എന്നാലും നിങ്ങൾ ഒന്നും കരുതി വെക്കാതിരിക്കില്ലല്ലോ ‘ എന്ന സംഭാഷണം നമ്മൾ പലപ്പോഴായി കേട്ടിട്ടുണ്ട്. ഇതിന്റെ പിറകിലെ ഉദ്ദേശം ഞങ്ങളൊന്നും ചോദിച്ചിട്ടില്ല, എന്നാൽ കിട്ടേണ്ടത് കിട്ടണ്ടേ എന്നാണ്. പെണ്ണിന് കറുപ്പ് നിറമാണങ്കിലോ ജോലിയില്ലകിലോ, വിദ്യാഭ്യാസമില്ലകിലോ വിവാഹ കമ്പോളത്തിൽ വില കൂടുതലായി നൽകണം.
1961ൽ പാർലമെന്റ് സ്ത്രീധന നിരോധന നിയമം പാസാക്കിയെങ്കിലും, ഇന്നും പലയിടങ്ങളിലായി അറിഞ്ഞും അറിയാതെയുമുള്ള നിയമ ലംഘനങ്ങൾ നടക്കുന്നുണ്ട്. വരന് സ്വർണവും പണവും കൂടുതൽ നൽകി സമൂഹത്തിൽ കുടുംബ മഹിമ കാട്ടാൻ പെൺമക്കളുടെ മാതാപിതാക്കൾ മത്സരിച്ചതോടെ നിയമം വെറും കടലാസിൽ ഒതുങ്ങി എന്നതാണ് വാസ്തവം. തന്ന സ്ത്രീധനം കുറഞ്ഞു പോയാൽ കയറിച്ചെന്ന വീട്ടിലെ അടിമയും എന്നാൽ കൂടുതലാണെങ്കിൽ അവിടുത്തെ രാജകുമാരിയുമാണ് സ്ത്രീ.
ഉള്ളതെല്ലാം വിറ്റുപെറുക്കിയും കൊള്ളപ്പലിശയ്ക്ക് കടമെടുത്തും മകൾക്ക് സ്ത്രീധനം ഒരുക്കുന്ന മാതാപിതാക്കൾ ആ ബന്ധം ഒരു അപകടമാണെന്ന് മനസിലാക്കുന്നില്ല. സ്ത്രീധനം ആവിശ്യപ്പെട്ട് വരുന്നവർക്ക് പെണ്ണിനെയല്ല മറിച്ച് ഒരു അടിമയെയും, പണവുമാണ് ആവിശ്യം.
കേരളത്തിൽ സ്ത്രീധനം കുറഞ്ഞുപോയതിന് ഭാര്യയെ കെട്ടിത്തൂക്കിയും തീകൊളുത്തിയും പട്ടിണിക്കിട്ടും പാമ്പിനെക്കൊണ്ട് കടിപ്പിച്ചും കൊലപ്പെടുത്തുന്ന കിരാത സംഭവങ്ങൾ നിലവിലുണ്ട്. വിസ്മയ, ഉത്ര, തുഷാര, പ്രിയങ്ക, അർച്ചന, സുചിത്ര, പേരുകൾ മാത്രമാണ് മാറുന്നത്. കേസുകൾ എല്ലാം ഒന്നുതന്നെ. ആറുവർഷത്തിനിടെ 80 യുവതികളാണ് സ്ത്രീധന പീഡനം സഹിക്കാതെ ജീവനൊടുക്കിയത്. 15വർഷത്തിനിടെ 247ജീവനുകൾ പൊലിഞ്ഞു എന്ന് കണക്കുകൾ പറയുന്നു.
റിപ്പോർട്ടുകൾ പ്രകാരം 2021ൽ മാത്രം 66 സ്ത്രീധന പീഡന മരണങ്ങൾ ആണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. 15143 കേസുകൾ മാത്രം സ്ത്രീധന പീഡനത്തിന്റെ പേരിൽ രജിസ്റ്റർ ചെയപ്പെട്ടു. ഇന്ത്യയിൽ ദിനം പ്രതി 18ലേറെ സ്ത്രീകളാണ് സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെടുന്നത്. സംസ്ഥാന പോലീസിന്റെ പഴയ കണക്കുകളനുസരിച് രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ 3/4 സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ടവയാണ്. 2010 മുതൽ 2021 വരെയുള്ള കണക്കെടുത്താൽ സംസ്ഥാന വനിതാ കമ്മീഷൻ മുൻപാകെ 10,96 സ്ത്രീധന പീഡന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കാലഘട്ടങ്ങൾ മാറിയാലും സ്ത്രീധന പീഡനങ്ങൾ കുറയുമോ എന്ന് കണ്ടറിയേണ്ടതാണ്.





Leave a Reply