കടുത്ത വരൾച്ച; സർക്കാർ സഹായം വൈകരുത്: സ്വതന്ത്ര കർഷക സംഘം
കൽപ്പറ്റ: കടുത്ത വരൾച്ച നേരിടുന്ന പുൽപ്പള്ളി, മുള്ളൻകൊല്ലി പ്രദേശത്തെ കർഷകർക്കും മറ്റും അടിയന്തര ആശ്വാസ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. ജനം രൂക്ഷമായ കുടിവെളള ക്ഷാമത്തിലാണ്. കാപ്പി, കുരുമുളക് കൃഷികൾ കരിഞ്ഞുണങ്ങുകയാണ്. ചുട്ടുപൊള്ളുന്ന മണ്ണിലെ ഹൃസ്വകാല വിളകൾ പോലും സുരക്ഷിതമല്ല.
ജപ്തി നടപടികളും മറ്റും കാരണം കടുത്ത പ്രതിസന്ധിയിൽ കഴിയുന്ന കർഷകരുടെയും മറ്റും ജീവിതം വരൾച്ച കൂടുതൽ ദുരിത പൂർണ്ണമാക്കിയിരിക്കയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വരൾച്ചയിൽ പൊറുതി മുട്ടിയ വയനാടിനെ ദുരന്ത മേഖലയായി പ്രഖ്യാപിച്ച് കർഷകരെയും മറ്റും സഹായിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. മുൻ കാലങ്ങളിലെ വരൾച്ച, പ്രളയ നഷ്ടപരിഹാരം വിതരണം ചെയ്യാൻ സർക്കാർ തയ്യാറാവണമെന്ന ആവശ്യവും നിവേദനത്തിലുണ്ട്.





Leave a Reply