ഉഷ്ണ തരംഗ ഭീഷണി: ബാണാസുര സാഗറിലെ തൊഴിലാളികൾ വലയുന്നതായി പരാതി
പടിഞ്ഞാറത്തറ: സംസ്ഥാനത്ത് ഉഷ്ണ തരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തൊഴിൽ വകുപ്പ് വയനാട് ജില്ലയിൽ പരിശോധന കർശനമാക്കിയെങ്കിലും ബാണാസുര സാഗർ വിനോദ സഞ്ചാര കേന്ദ്രത്തിൽ നട്ടുച്ചയ്ക്കും തൊഴിലാളികൾ ജോലിയെടുക്കേണ്ടി വരുന്നതായി പരാതി. ചൂട് കൂടിയ സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയക്രമം പാലിക്കാൻ തൊഴിലുടമകൾക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. തൊഴിലാളികൾക്ക് പകൽ സമയം ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെ വിശ്രമവേളയാണ്. എന്നാൽ ഇവിടെ ബോട്ടിംഗ് മേഖലയിൽ ജോലിയെടുക്കുന്ന തൊഴിലാളികളും പാർക്കിംഗ് ഉൾപ്പെടെയുള്ള ഇടങ്ങളിലെ ജീവനക്കാരും പൊരിവെയിലത്ത് കഷ്ടപ്പെടുന്നതായി പരാതിയുണ്ട്. സ്പീഡ് ബോട്ടിലും, പെഡൽ ബോട്ടിലും മറ്റും നിരന്തരമായി വിനോദ സഞ്ചാരികൾ കയറുന്നതിനാൽ ഇതിലെ ജീവനക്കാർ മിക്ക സമയത്തും വെയിലത്തു തന്നെ ജോലി ചെയ്യേണ്ടതായി വരുന്നുണ്ട്. രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് ഇവരുടെ ജോലി സമയം.
ഡെപ്യൂട്ടി ലേബർ ഓഫീസർ എസ്.പി ബഷീറിന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പരിശോധനയിൽ കെട്ടിട-റോഡ് നിർമ്മാണ മേഖലകളിൽ നിയമം തെറ്റിച്ച് ജോലി ചെയ്യുന്നത് കണ്ടെത്തിയിരുന്നു.
വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനക്രമീകരിച്ച് ലേബർ കമ്മീഷണറിന്റെ ഉത്തരവിന്റെ പശ്ചത്തലത്തിലായിരുന്നു പരിശോധന. എന്നാൽ ബാണാസുര സാഗർ പോലുള്ള വിനോദ സഞ്ചാര മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കും നട്ടുച്ച വിശ്രമ സമയമായി നൽകണമെന്നാവശ്യം ശക്തമാണ്.





Leave a Reply