വരൾച്ചമൂലം കൃഷിനാശമുണ്ടായ പ്രദേശങ്ങൾ കൃഷി വകുപ്പ് സംഘം സന്ദർശിച്ചു
മാനന്തവാടി: ബ്ലോക്ക് തലത്തിൽ കാർഷിക വിദഗ്ധരുൾപ്പെടുന്ന ഉന്നതതല സംഘത്തെ നിയോഗിക്കുന്നതിനു കൃഷി മന്ത്രി നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു മാനന്തവാടി ബ്ലോക്കിലെ സന്ദർശനം. തവിഞ്ഞാൽ, തൊണ്ടർനാട് പഞ്ചായത്തിലും മാനന്തവാടി നഗരസഭാ പരിധിയിലും സംഘമെത്തി നാശനഷ്ടം വിലയിരുത്തി.
മിക്കയിടങ്ങളിലും വരൾച്ചമൂലം വാഴക്കൃഷിയാണ് പ്രധാനമായും നശിച്ചത്. ഏകദേശം എൺപതു ശതമാനം വാഴക്കൃഷിയും കരിഞ്ഞുണങ്ങിയ നിലയിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാപ്പി, കുരുമുളക്, ജാതി തുടങ്ങിയ ബഹുവർഷ വിളകളെയും വരൾച്ച ബാധിച്ചു. ലഭ്യമായ വെള്ളമുപയോഗിച്ച് ജലസേചനം, പുതയിടൽ തുടങ്ങിയ സാധ്യമായ എല്ലാ വേനൽക്കാല കൃഷിസംരക്ഷണ മുറകളും മിക്ക കർഷകരും കൃഷിയിടങ്ങളിൽ നടപ്പിലാക്കിയിരുന്നെങ്കിലും അവയൊന്നും ഗുണം ചെയ്തില്ല.
അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം അസി. പ്രൊഫസർ നജീബ് നടുത്തോടി, മാനന്തവാടി കൃഷി അസി. ഡയറക്ടർ പി.ജെ. വിനോദ്, മാനന്തവാടി കൃഷി ഓഫീസർ കെ.എസ്. ആര്യ, തിരുനെല്ലി കൃഷി ഓഫീസർ അശ്വതി ബാലകൃഷ്ണൻ, തൊണ്ടർനാട് കൃഷി ഓഫീസർ മുഹമ്മദ് അബ്ദുൾ ജാമിയ, തവിഞ്ഞാൽ കൃഷി ഓഫീസർ ലിഞ്ജു തോമസ്, കൃഷി അസിസ്റ്റൻ്റുമാരായ കെ.പി. സിറാജ്, കെ. നീതു, എം. അഭിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് വിവിധയിടങ്ങൾ സന്ദർശിച്ചത്. കാർഷികവിളകളുടെ നാശം കൃഷി അനുബന്ധ മേഖലകൾക്കും വലിയ ആഘാതമുണ്ടാക്കിയിട്ടുണ്ട്.





Leave a Reply