April 28, 2026

പച്ചക്കറി വിപ്ലവം: കൃഷി പുനരുജ്ജീവനത്തിന്റെ പുതിയ മാതൃക

0
Img 20240514 082600
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: കൊടുംവേനലിൽ ജലനിരപ്പ് താഴ്ന്ന മണിവയൽ പുഴയുടെ ഓരത്ത് നിറയെ പച്ചക്കറികൾ വിളഞ്ഞുനിൽക്കുന്നു. പുഴയോരത്തെ കുളത്തിൽ കൃഷിക്കാവശ്യമായ വെള്ളമെത്തുന്നു. കൃഷിയാവശ്യം കഴിഞ്ഞുള്ള ജലം കുളത്തിലേക്കുതന്നെ ഒഴുക്കിവിടുന്നു. ഇത് മീനങ്ങാടി ഗ്രാമപ്പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ കൃഷി പുനരുജ്ജീവനത്തിന്റെ പുതിയ മാതൃക.

മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത്, തണൽ, കൃഷിഭവൻ എന്നിവർ ചേർന്നാണ് പുതിയ ആശയം നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തിൽ വനിതകളുൾപ്പെടെയുള്ള കർഷകക്കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വള്ളിപ്പയർ, പച്ചമുളക്, വെള്ളരി, ചീര തുടങ്ങിയവയാണ് ജൈവരീതിയിൽ കൃഷിചെയ്തിട്ടുള്ളത്. വേനലിനെ അതിജീവിച്ച പച്ചക്കറികളെല്ലാം വിളവെടുപ്പിന് പാകമായിവരുകയാണ്.

വറ്റിവരണ്ട മണിവയൽ പുഴയോരത്ത് കുളം നിർമിക്കുകയാണ് പദ്ധതിയിൽ ആദ്യം ചെയ്തത്. ഇവിടെനിന്ന് സൗരോർജമുപയോഗിച്ച് കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്നു. എട്ടേക്കറിലെ കൃഷിക്കാവശ്യമായ വെള്ളം പമ്പിലൂടെയെത്തും. ഉപയോഗശേഷം അധികജലം സ്രോതസ്സിലേക്ക് ഒഴുക്കിവിടും. 2.4 കിലോവാൾട്ട് സൗരോർജപാനലും ദിവസം പതിനായിരം ലിറ്റർ വെള്ളമെത്തിക്കുന്നതിനുള്ള പമ്പും സ്ഥാപിച്ചിട്ടുണ്ട്.

രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ സൗരോർജമുപയോഗിച്ച് വെള്ളം പമ്പുചെയ്യും. ജലലഭ്യത ഉറപ്പാക്കിയതോടെ കൃഷി തഴച്ചുവളർന്നു. ജൈവ ഉത്പന്നങ്ങൾക്ക് പ്രത്യേക വിപണിയുള്ളതിനാൽ വിൽപ്പനയ്ക്കും പ്രതിസന്ധിയില്ല. വൈദ്യുതിനിരക്ക് ഉൾപ്പെടെയുള്ള ആവർത്തനച്ചെലവുകളില്ലാത്തതും കർഷകർക്ക് ആശ്വാസം. കൃഷിയുടെ വിളവെടുപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ നിർവഹിച്ചു.

മീനങ്ങാടിയിൽ നടപ്പാക്കിവരുന്ന കാർബൺ തുലിത പ്രവർത്തനങ്ങൾക്കും മണ്ണിന്റെ ജൈവഘടന വീണ്ടെടുക്കുന്നതിനും പുതിയ കൃഷിരീതി സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഉഷാ രാജേന്ദ്രൻ, ശാന്തി സുനിൽ, നിധിൻ നാരായൺ, എം.കെ. ശിവരാമൻ, ബ്രിജിതാ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *