തരിയോട് പഞ്ചായത്തിനെതിരായ ആരോപണം അടിസ്ഥാനരഹിതം: പ്രസിഡന്റ്
കല്‍പ്പറ്റ: തരിയോട് പഞ്ചായത്തിനെതിരേ ഒന്‍പതാം വാര്‍ഡില്‍ താമസിക്കുന്ന മൂത്തേടത്ത് ബേബി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രസിഡന്റ് വി.ജി. ഷിബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാവുമന്ദം കോണ്‍വന്റ് – ഐക്കരപ്പടി റോഡരികിലെ മണ് ഡ്രൈനേജ് സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയെന്നും ഇവിടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് തൊഴിലുറപ്പ് പദ്ധതിയില്‍ ഡ്രൈനേജ് നിര്‍മാണത്തിനു തുക വകയിരുത്തിയെന്നുമാണ് ബേബി ആരോപിച്ചത്.
പ്രദേശത്ത് പ്രവാസിയായ ലുഖ്മാന് ഭവന നിര്‍മാണത്തിനും ഭൂ വികസനത്തിനും 2022ല്‍ പഞ്ചായത്ത് അനുമതി നല്‍കിയിരുന്നു. ലുഖ്മാന്റെ സ്ഥലത്തിനു താഴെയുള്ള പഞ്ചായത്ത് റോഡ് കോണ്‍ക്രീറ്റ് ചെയ്തതാണ്. ആസ്തി രജിസ്റ്റര്‍ പ്രകാരം നാല് മീറ്റര്‍ വീതിയുള്ള ഈ റോഡ് ഡ്രൈനേജ് ഇല്ലാത്തതാണ്. എന്നിരിക്കെയാണ് ഡ്രൈനേജ് മണ്ണിട്ട് മൂടിയെന്ന ആരോപണം.
ബേബി ഉള്‍പ്പെടെ 20 പേര് ഒപ്പിട്ടു നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ ഡ്രൈനേജ് നിര്‍മിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചു. പ്രവൃത്തിക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ തുക വകയിരുത്തി. ഈ ഘട്ടത്തിലും ബേബി പഞ്ചായത്തിനെതിരേ കുപ്രചാരണം നടത്തി. റോഡ് നിര്‍മാണത്തിനു ഉപയോഗപ്പെടുത്തേണ്ട തുകയാണ് ഡ്രൈനേജ് നിര്‍മാണത്തിനു വകയിരുത്തിയതെന്നാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചത്.
തൊഴിലുറപ്പ് ഫണ്ട് 10 ശതമാനം റോഡ് നിര്‍മാണത്തിനും 30 ശതമാനം ഇതര പ്രവൃത്തികള്‍ക്കും വിനിയോഗിക്കാന്‍ തടസമില്ല. എന്നിരിക്കേ ഡ്രൈനേജ് നിര്‍മാണത്തിനു തുക വകയിരുത്തിയതില്‍ ക്രമക്കേടില്ല. തൊഴിലുറപ്പ് പദ്ധതി നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തുക വകയിരുത്തിയതെന്ന പരാതിയില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അന്വേഷണം നടത്തുന്ന വേളയില്‍ പഞ്ചായത്ത് പ്രസിഡന്റ് പുലഭ്യം വിളിച്ചതെന്ന ബേബിയുടെ ആരോപണത്തില്‍ കാമ്പില്ല.
സ്വകാര്യ ഭൂമിയില്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനുവാദമില്ലാതെ മണ്ണെടുപ്പ് നടന്നുവെന്ന ആരോപണവും ബേബി ഉന്നയിക്കുന്നുണ്ട്. മതിയായ അനുമതിയില്ലാതെ സ്വകാര്യ വ്യക്തി മണ്ണെടുപ്പ് നടത്തിയെങ്കില്‍ അയാള്‍ക്കെതിരേ നടപടി ഉണ്ടാകണമെന്നാണ് പഞ്ചായത്തിന്റെ അഭിപ്രായം. പഞ്ചായത്തിനെതിരേ നിരന്തരം കുപ്രചാരണം നടത്തുന്ന ബേബിക്കെതിരേ പ്രസിഡന്റ് എന്ന നിലയില്‍ പോലീസില്‍ പരാതി നല്‍കിയതായും ഷിബു പറഞ്ഞു.





Leave a Reply